Saturday, November 16, 2013

മുച്ചിലോട്ടു ഭഗവതി ..സൌന്ദര്യദേവത

പരശുരാമന്‍ നിര്‍മ്മിച്ചു എന്ന് കരുതപെടുന്ന 64 ഗ്രാമങ്ങളിൽ ഏറ്റവും വിശിഷ്ടം എന്ന് പേര് കേട്ട ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ (ഇന്നത്തെ തളിപറമ്പ്). വേദശാസ്ത്രങ്ങളിൽ പെരിഞ്ചല്ലൂർ ഗ്രാമത്തിലെ ബ്രാഹ്മണരെ വെല്ലാൻ ആരുമില്ലായിരുന്നു . പുറംദേശക്കാരായ ബ്രാഹ്മണര്‍  പെരിഞ്ചല്ലൂര്‍  ആസ്ഥാനമായി തങ്ങളുടെ  തര്‍ക്കശാസ്ത്രത്തില്‍ അറിവും കഴിവും തെളിയിക്കുക ഒരു പതിവായിരുന്നു  .അതില്‍ തര്‍ക്ക ശാസ്ത്രത്തില്‍ പേര് കേട്ട ഒരു മനയായിരുന്നു രയരമംഗലത്ത് മന .തര്‍ക്കശാസ്ത്രങ്ങളില്‍ വളരെയധികം പ്രാവീണ്യം നേടിയവര്‍ ഉണ്ടായിരുന്ന ആ മന തലമുറകള്‍ നിലനിര്‍ത്താന്‍ മക്കളില്ലാതെ അന്യം നിന്ന് പോകാറായി .മക്കളില്ലാതെ വിഷമിച്ച രയരമംഗലം തിരുമേനിക്ക് പ്രാര്‍ത്ഥനയുടെ ഫലമായി ഒരു പെണ്കുഞ്ഞു പിറന്നു. തര്‍ക്ക ശാസ്ത്രങ്ങളില്‍ പഴയ പേര് വീണ്ടെടുക്കാന്‍ ഒരു ആണ്‍ കുഞ്ഞു പിറക്കാഞ്ഞതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായി എങ്കിലും അതിനു പകരമായി എല്ലാ വിദ്യകളും അറിവ് നേടാന്‍ മകളെ അയക്കുകയാണ് അദ്ദേഹം ചെയ്തത് .പതിനഞ്ചു വയസ്സ് പൂര്‍ത്തിയായപ്പോഴേക്കും ആ കന്യക സകല വിദ്യകളിലും അറിവ് നേടി.അവളുടെ പാണ്ഡിത്യം പ്രശസ്തി നേടി ...എന്നാൽ പെണ്ണായ അവളുടെ പാണ്ഡിത്യതെ  അംഗീകരിക്കാൻ പെരിഞ്ചലൂരിലെ നമ്പൂതിരിമാർക്ക്  ആയില്ല..നേരിട്ട് തർക്കത്തിന്  വന്നു നോക്കി കന്യകയ്ക് മുൻപിൽ അവർ ദയനീയമായി പരാജയപ്പെട്ടു ..അവളെ പരാജയപ്പെടുത്താനുള്ള അവസരത്തിനായി അവർ കാത്തിരുന്നു
.
കുറച്ചു കാലത്തിനു ശേഷം മുറചെറുക്കനുമായി കന്യകയുടെ വിവാഹം നിശ്ചയിച്ചു  .കല്യാണത്തിനു മൂന്നു നാള്‍ ശേഷിക്കെ നാടുവാഴി കന്യകയെ കാണാന്‍ വന്നു .അദ്ദേഹം പറഞ്ഞു .ഒരു സഹായത്തിനു വേണ്ടിയാണ് ഞാന്‍ വന്നത് .കന്യക ചോദിച്ചു എന്ത് വേണം .പെരിഞ്ചല്ലൂര്‍ നമ്പൂതിരിമാര്‍ തന്റെ നാട്ടിലെ പണ്ഡിതതരേ തര്‍ക്കത്തിന് വിളിച്ചിരിക്കുന്നു .ഇതില്‍  തോറ്റാല്‍ താന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല .തന്നെയും തന്റെ നാടിനെയും താഴ്ത്തികെട്ടാന്‍ എന്നും ശ്രമിക്കാറുള്ള  അവരെ തോല്‍പ്പിക്കണം എന്ന് ആ കന്യക കരുതി .അവള്‍ തര്‍ക്കത്തിന് ഒരുക്കമാണ് എന്നറിയിച്ചു .അച്ഛന്‍ രയരമംഗലം തിരുമേനിയും ഒന്നും പറഞ്ഞില്ല ..ഉദയമംഗലം ക്ഷേത്ര നടയില്‍ വച്ച് തര്‍ക്കം ആരംഭിച്ചു .ആദ്യത്തെ രണ്ടു ദിവസവും വളരെ എളുപ്പത്തില്‍ കന്യക പണ്ഡിതരേ തോല്‍പ്പിച്ചു .അവര്‍ക്ക് വൈരാഗ്യം കൂടി .ഏതു വിധേനയും ഇവളെ ഇല്ലാതാക്കണം എന്നവര്‍ ചിന്തിച്ചു .മൂന്നാം ദിവസം  തര്‍ക്ക പന്തലില്‍ വച്ച് അവര്‍ മുന്‍കൂട്ടി ആലോചിച്ചു വച്ച ഒരു ചോദ്യം ചോദിച്ചു .

"ഏറ്റവും വലിയ വേദന എന്ത്? ഏറ്റവും വലിയ സുഖം എന്ത് ? "

ഒരു സംശയവും കൂടാതെ കന്യക മറുപടി പറഞ്ഞു ."

ഏറ്റവും വലിയ വേദന പ്രസവ വേദന ഏറ്റവും വലിയ   സുഖം രതിസുഖം"

 .ഇത് കേട്ടയുടന്‍  പണ്ഡിതര്‍  പരിഹാസ ചിരികളുമായി സഭയില്‍ പറഞ്ഞു നടന്നു ..
"രതി സുഖവും പ്രസവ വേദനയും ഇവൾ  അറിഞ്ഞിട്ടുണ്ട് ..ഇവൾ  കന്യക അല്ല .."

അവർ ആക്രോശിച്ചു .അവര്ക്ക് എതിര് പറയാൻ ആരുമുണ്ടായില്ല .അവർ കന്യകയെ പടിയടച്ചു പിണ്ഡം വച്ചു .തന്റെ കല്യാണവും മുടങ്ങി നാട്ടുകൂട്ടത്തിനു  മുൻപിൽ അപമാനിതയായി മാറിയ അവൾ ഒരു അഗ്നികുണ്ഡം  ഒരുക്കി അതിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു .കുളിച്ചു ഈറനുടുത്ത് അവൾ കരിവെള്ളൂരപ്പനെയും  രയരമംഗലത്ത് ഭഗവതിയെയും കണ്ടു തൊഴുത്പ്രാ ർത്ഥിച്ചു.സ്വയം ഒരുക്കിയ .തീയിലേക്ക് എടുത്തു ചാടിയ അവളെ അത് വഴി എണ്ണയുമായി പോകുകയായിരുന്ന ഒരു വാണിയൻ  കണ്ടു .അമ്പരപ്പോടെ അയാൾ നില്ക്കെ കന്യക  അയാളോട് എണ്ണ  തീയിലേക്ക് പകരാൻ പറഞ്ഞു .ഒരു വിഭ്രാന്തിയിലായി പോയിരുന്ന വാണിയൻ  എണ്ണ മുഴുവൻ ആ തീയിലേക്ക് പകർന്നു .

അഗ്നി പ്രവേശത്തോടെ അവൾ തന്റെ പരിശുദ്ധി തെളിയിച്ചു .താൻ ചെയ്ത അപരാധം എന്തെന്ന് അപ്പോഴാണ്‌ വാണിയനു  ബോധ്യമായത് .അയാള് പൊട്ടിക്കരഞ്ഞു .ആ അഗ്നിയിൽ നിന്നും ഒരു ദിവ്യ പ്രകാശം ഉയർന്നു  വന്നു .വാണിയനെ  അനുഗ്രഹിച്ചു .ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ  വന്ന വാണിയൻ  തന്റെ പാത്രം നിറഞ്ഞിരിക്കുന്നത്‌ കണ്ടു .ആത്മാഹൂതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെ അനുഗ്രഹത്താൽ ഭഗവതിയായി മാറി.അവള്‍ വാണിയ സമുദായക്കാരുടെ കുലദേവതയായി ..

പ്രധാനമായും 18 മുച്ചിലോട്ടു കാവുകള്‍ ആണുള്ളത് .അതില്‍ ആദിമുച്ചിലോട്ടു കരിവെള്ളൂര്‍ ആണെന്ന് പറയപ്പെടുന്നു .മലബാറിലെ തെയ്യങ്ങളില്‍ സൌന്ദര്യദേവതയായി അറിയപ്പെടുന്ന മുച്ചിലോട്ടു ഭഗവതി മുച്ചിലോട്ടു വണ്ണാന്‍ സമുദായക്കാരാണ് കെട്ടിയാടുന്നത് .മറ്റു തെയ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി    വൈവിധ്യങ്ങളായ ചടങ്ങുകള്‍ ഈ തെയ്യത്തിനുണ്ട് .ലാസ്യരസ പ്രധാനമായ വളരെ പതുക്കെയുള്ള ദേവിയുടെ നൃത്തചുവടുകള്‍ കണ്ണുകള്‍ക്ക് കുളിര്‍മ്മയെകുന്നതാണ് .

ഫോട്ടോ കടപ്പാട്:: ഗൂഗിൾ 

Tuesday, June 11, 2013

വീരർകാളി ............പുതിയ ഭഗവതിയുടെ അനുചര വൃന്ദങ്ങളിൽ പ്രധാനിയായ ദേവത

പുതിയ ഭഗവതിയുടെ അനുചര വൃന്ദങ്ങളിൽപെട്ട പ്രധാന ദേവതകളിൽ ഒന്ന് .
പാർവ്വതി  ദേവിയുടെ അംശാവതരമായ കാളി തന്നെയാണ് വീരർകാളി എന്നറിയപ്പെടുന്ന വീരകാളിയമ്മ .ഒരിക്കൽ കൈലാസത്തിൽ വച്ച് നീരാടി കൊണ്ടിരിക്കുന്ന ദേവിയെ അനുവാദമില്ലാതെ ശിവകിങ്കരന്മാർ കാണാൻ ചെന്നു .തന്റെ അനുവാദമില്ലാതെ തന്റെ കുളികടവിലേക്ക് വന്ന ശിവകിങ്കരന്മാരെ കണ്ടു ദേവി കോപം പൂണ്ടു .ദേവിയുടെ ഉഗ്രകോപം കണ്ട കിങ്കരന്മാർ പേടിച്ചു വിറച്ചു മാപ്പിരുന്നു .ദയ തോന്നിയ  ദേവി കാരണമറിയാതെ താൻ കോപിച്ചതിൽ  ദുഖിച്ചു.തന്നിലുണ്ടായ ഈ വീര്യം പുറത്തു വന്നാൽ അത് കൈലാസത്തെ ചുട്ടെരിക്കും  എന്ന് മനസ്സിലാക്കിയ ദേവി മക്കളില്ലാതെ വിഷമിച്ച തന്റെ പരമഭക്തനായ വീരപാൽ പട്ടരുടെ ഭാര്യക്ക് തന്റെ വീര്യം  ഗർഭമായി നൽകി അനുഗ്രഹിച്ചു. അങ്ങനെ വീരർകാളി ഉണ്ടായി .പന്ത്രണ്ടു വയസ്സ് തികയുമ്പോഴേക്കും ലക്ഷണമൊത്ത സുന്ദര രൂപിണിയായി ദേവി മാറി.ചെറുപ്പത്തിൽ തന്നെ വളരെ വേഗത്തിൽ തന്നെ വിദ്യകളെല്ലാം സ്വായത്തമാക്കി.വീരപാൽ പട്ടരുടെ പൊൻമകളായി വളർന്നു .അച്ഛനോട് താൻ ആരെന്നു മനസ്സിലാക്കി കൊടുത്ത ശേഷം ദേവി യാത്ര തുടർന്നു .ദുഷ്ട നിഗ്രഹണാർത്ഥം  വടക്ക് നിന്നും തെക്കൊട്ടെക്ക് യാത്ര ചെയ്ത ദേവി പുതിയ ഭഗവതിയെ വഴിയിൽ വച്ചു കാണാൻ ഇടയായി .രൗദ്ര രൂപിണിയായി വരുന്ന പുതിയ ഭഗവതിയെ കണ്ട്  ആദ്യമൊന്നു ദേഷിചെങ്കിലും പിന്നീട് പൊരുത്തമായി . പിന്നീടുള്ള യാത്ര പുതിയ ഭഗവതിയുടെ കൂടെയായി .കാർത്യവീരാസുരനുമായുള്ള യുദ്ധത്തിൽ ദേവിയെ സഹായിച്ചു ,തന്റെ ഭക്തനായ പെരിങ്ങളായി കമ്മൾക്ക് ദേവി സ്വപ്ന ദർശനം നൽകി.സ്വപ്ന ദർശന പ്രകാരം വന്ന കുളികടവിലേക്ക് വന്ന കമ്മൾ  ഒന്നും കണ്ടില്ല .ഇവിടെ ദേവിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ എനിക്കത് കാണിച്ചു തരട്ടെ എന്ന് അദ്ദേഹം തൊഴുതു പ്രാർത്ഥിച്ചു.കമ്മളുടെ മകുട കുട പറന്നു ചെന്ന് വീടിന്റെ പടിഞ്ഞാട്ടയിൽ ചെന്ന് സ്ഥാനമുറപ്പിച്ചു. വീരകാളിയുടെ കൂടെ പുതിയ ഭഗവതി,വീരൻ ,ഭദ്രകാളി എന്നിവരും ഉണ്ടായിരുന്നു എന്നും തന്റെപടിഞ്ഞാട്ടയിൽ എഴുന്നള്ളിയ ദേവതകളെ കമ്മൾ കോലസ്വരൂപം കെട്ടി ആരാധിച്ചു എന്നും പറയപ്പെടുന്നു ..വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടിയാടാറുള്ളത്.പുതിയ ഭഗവതിയുടെ പ്രധാന അനുചര വൃന്ദമായത് കൊണ്ട് ഈ ദേവിയുടെ കോലം പുതിയ ഭഗവതിയുള്ള ക്ഷേത്രങ്ങളിൽ മാത്രമേ ഉണ്ടാകുകയുള്ളൂ .അധികം പ്രാധാന്യമില്ലാത്ത തെയ്യകോലമായത് കൊണ്ടും മിക്കവാറും അർദ്ധരാത്രി പുറപ്പാട് ആയതു കൊണ്ടും പൊതുവെ അധികം പേർ ഈ തെയ്യം ശ്രദ്ധിച്ചിട്ടുണ്ടാകാൻ സാധ്യത കുറവാണ് .ചിലയിടങ്ങളിൽ പകൽ സമയത്തും ഈ തെയ്യം കെട്ടിയാടിക്കാറുണ്ട് .
ഫോട്ടോ കടപ്പാട് :: ഗൂഗിൾ
.

Monday, May 20, 2013

കടാങ്കോട്ട് മാക്കം .....അഗ്നിപരീക്ഷണങ്ങളിൽ ഉലയാത്ത പാതിവൃത്യം

പയ്യന്നൂർ  കുഞ്ഞിമംഗലം  കടാങ്കോട്  എന്ന നായർ  തറവാട്ടിലെ ഉണ്ണിചെറിയമ്മയ്ക്ക്  12 ആണ്‍മക്കൾക്ക്‌ ശേഷം ഒരുപാട് പ്രാർത്ഥനകളും   വഴിപാടുകളും നടത്തി കിട്ടിയ അതീവ തേജസ്സോടു കൂടി ജനിച്ച മകളാണ് മാക്കം.കോലത്തിരിയുടെ പടനായകന്മാരായ 12 ആങ്ങളമാരുടെ ലാളനയേറ്റ്
അവൾ വളർന്നു .ആങ്ങളമാരുടെ കണ്ണിലുണ്ണിയായ മാക്കത്തെ  അവർ മച്ചുനനായ കുട്ടിനംബർക്കു തന്നെ വിവാഹം ചെയ്തു കൊടുത്തു. അതിൽ അവർക്ക്  ചാത്തുവും ചീരുവും എന്ന് പേരായാ രണ്ടു പൊൻമക്കൾ ഉണ്ടായി. മരുമക്കത്തായ സമ്പ്രദായ പ്രകാരം മാക്കത്തെ കടാങ്കോട്ട് തറവാട്ടിൽ തന്നെ താമസിപ്പിക്കാൻ ആങ്ങളമാർ തീരുമാനിച്ചു. എന്നാൽ നാത്തൂൻമാർക്ക്  തങ്ങളുടെ ഭർത്താക്കൻമാർ  ചെയ്ത ഈ പ്രവൃത്തി തീരെ ഇഷ്ടപെട്ടില്ല.അവർ ഒരുപാട് തവണ മാക്കത്തെ കുറ്റം പറഞ്ഞു ചെന്നു  എങ്കിലും കുഞ്ഞുപെങ്ങളെ കുറിച്ച്  ഭാര്യമാർ പറയുന്നത് അവർ അധികം ചെവിക്കൊള്ളാൻ പോയില്ല. നാത്തൂൻമാർക്ക്  വാശി കേറി.ഇനി മാക്കത്തെ  ഇവിടെ നിന്നും പുറത്താക്കിയിട്ടെ അടങ്ങു എന്ന് അവർ തീരുമാനിച്ചു .അതിനായി തക്കം പാർത്തിരുന്നു.ആയിടക്കാണ് കോലത്തിരിയുടെ ആഞ്ജപ്രകാരം ആങ്ങളമാർക്കു പടക്ക് പോകേണ്ടി വന്നത്.ഭർത്താക്കന്മാർ പടയ്ക്ക് പോയ തക്കം നോക്കി നാത്തൂൻമാർ മാക്കത്തിനെ   അവരിൽ  നിന്നും അകറ്റാൻ തന്ത്രം മെനഞ്ഞു. എന്നും വീട്ടിലേക്കു എണ്ണയുമായി വരുന്ന വാണിയനെയും മാക്കത്തെയും  ചേർത്ത്  അവർ അപവാദകഥകൾ പറഞ്ഞുണ്ടാക്കി.മാക്കത്തിന്റെ ആങ്ങളമാർ തിരിച്ചു വരുന്ന സമയവും വാണിയൻ  എണ്ണയും കൊണ്ട് വന്ന സമയവും ഒന്നായിരുന്നു ..ആ തക്കം നോക്കി അവർ മാറി നിന്നു. ആരും എണ്ണ  വാങ്ങിച്ചുവയ്ക്കാനില്ലാതായി. ഋതുവായി മുറിക്കുള്ളിൽ ഇരിക്കുന്ന മാക്കം വാണിയനോട് എണ്ണ  അകത്തു പടിഞ്ഞാറ്റയിൽ  വച്ചോളാൻ  പറഞ്ഞു .എണ്ണ അകത്തുവച്ച് വാണിയൻ  പുറത്തിറങ്ങുമ്പോഴേക്കും ഭർത്താക്കൻമാരെയും കൂട്ടി നാത്തൂൻമാർ അവിടെ എത്തിയിരുന്നു .അവർ ദ്വയാർത്ഥതോട് കൂടിയുള്ള ചിരി ആങ്ങളമാരെ ദേഷ്യം പിടിപ്പിച്ചു.തറവാട്ടിനും നാടിനും അപമാനമായ മാക്കത്തെ കൊന്നുകളയണം എന്നവർ തീരുമാനിച്ചു.എന്നാൽ അതിനു കൂട്ട് നില്ക്കാൻ ഇളയ ആങ്ങളയും ഭാര്യയും നിന്നില്ല .അവർ വീട് വിട്ടിറങ്ങിപോയി .

കോട്ടയം കാവിൽ വിളക്ക്  കാണാം എന്ന വ്യാജേനെ 11 ആങ്ങളമാർ മാക്കത്തെയും കൂട്ടി യാത്രയായി.അവരുടെ ദുരുദ്ദേശം മാക്കത്തിന് മനസ്സിലായി. കുളിച്ചു തന്റെ കുടുംബ ദേവതയായ വീരചാമുണ്‍ടിയുടെ

കൊട്ടിലകത്തു കേറി വിളക്ക്  വച്ച് തന്റെ നിരപരാധിത്വം മാലോകർക്ക് കാട്ടിക്കൊടുക്കണം എന്ന് പ്രാർത്ഥിച്ചു  ആങ്ങളമാരുടെ കൂടെ യാത്രയായി.പോകുന്ന വഴിയിൽ  മാടായിക്കാവിലമ്മയെയും കടലായികൃഷ്ണനെയും കളരിവാതിക്കൽ ഭഗവതിയെയും കണ്ടു തൊഴുതു.നടന്നു ചാലയിൽ എത്തിയപ്പോൾ മക്കൾക്ക്‌ ദാഹിക്കുന്നു  എന്ന് മാക്കം ആങ്ങളമാരോട് പറഞ്ഞു .അവർ അനുമതി നൽകിയതിൻ പ്രകാരം  വെള്ളം കുടിക്കാൻ ചാലയിലെ പുതിയ വീട്ടിൽ കേറി .തേജസ്വിനിയായ മാക്കത്തെയും മക്കളെയും കണ്ട അവിടുത്തെ അമ്മ അവർക്ക് ദാഹം തീർക്കാൻ കിണ്ടിയിൽ പാൽനൽകി. അവരോടുള്ള നന്ദി സൂചകമായി തന്റെ കഴുത്തിലുംകാതിലുമുണ്ടായിരുന്ന ആഭരണങ്ങൾ ഊരി കിണ്ടിയിൽ ഇട്ടുകൊടുത്തു.അവർ നടന്നു മമ്പറം  കടവ് കടന്നു .മമ്പറം കടന്നു തച്ചങ്കരപള്ളിയിൽ ഒരു പൊട്ടകിണറ്റിനടുത്ത് എത്തിയപ്പോൾ ആങ്ങളമാർ മാക്കത്തോട്‌  കിണറ്റിൽ  നട്ടുച്ചയ്ക്ക് നക്ഷത്രമുദിച്ചത് കണ്ടോ എന്ന് പറഞ്ഞു.കിണറ്റിലേക്ക് നോക്കിയ മാക്കത്തെയും മക്കളെയും അവർ ചുരിക തലയറുത്തു കൊന്നു.ഈ രംഗങ്ങൾ കണ്ടുകൊണ്ട് അടുത്ത കാട്ടിൽ മുളവെട്ടിക്കൊണ്ടിരുന്ന മാവിലാൻ പേടിച്ചു നിലവിളിച്ചു . അവർ അവനെയും കൊന്നു കിണറ്റിലിട്ടു. താമസിയാതെ  സഹോദരന്മാർ തമ്മിൽ കലഹിച്ചു തമ്മിൽ തമ്മിൽ തന്നത്താൻ മറന്നു വാളുകൊണ്ട് കൊത്തിമരിച്ചു. കടാങ്കോട്ടെ വീട്ടിൽ നാത്തൂൻമാർക്ക് ഏഷണി പറഞ്ഞു ഭ്രാന്തുവന്നു.അവർ തൂങ്ങിമരിച്ചു.കടാങ്കോട് തറവാട് അഗ്നിക്കിരയായി.വീരചാമുണ്‍ടിയുടെ സാന്നിധ്യമുള്ള കൊട്ടിലകം മാത്രം കത്തിയില്ല. മാക്കത്തിന്റെ നിരപരാധ്വിതം മാലോകർക്ക് മനസ്സിലായി.മാക്കവും മക്കളും വീരചാമുണ്‍ടിയിൽ ലയിച്ചു   ദൈവകരുവായി മാറി. തന്റെ ചാരിത്ര്യ ശുദ്ധി തെളിയിച്ച മാക്കത്തിനും മക്കൾക്കും കൂടെ മരണമടഞ്ഞ മാവിലാനും താമസിയാതെ   കോല രൂപം നൽകി കോലം  കെട്ടി ആരാധിക്കാൻ ജനങ്ങള് തീരുമാനിച്ചു .അങ്ങനെ ചാരിത്ര്യശുദ്ധി തെളിയിച്ച മാക്കം മലബാറിന്റെ ആരാധ്യ ദേവതകളിൽ ഒരാളായി മാറി .

ഫോട്ടോ കടപ്പാട്: ഗൂഗിൾ

Sunday, May 5, 2013

പെരുമ്പുഴയച്ചൻ .. വള്ളുവ സമുദായക്കാരുടെ ആരാധനാ മൂർത്തി ..."പെരിയപിഴച്ചു പെരുമ്പുഴയിൽ വീണോനല്ലൊ പെരുമ്പുഴയച്ചൻ"

വള്ളുവ സമുദായക്കാരുടെ പ്രധാന ആരാധനാ മൂർത്തിയാണ് ശ്രീ പെരുമ്പുഴയച്ചൻ  ദൈവം ..വൈഷ്ണവാംശ  മൂർത്തിയായ ഈ ദേവൻ ഒരു പ്രസിദ്ധിയാർജിച  ഒരു നമ്പ്യാർ കുടുംബത്തിലെ അംഗമായിരുന്നുമെന്നും വിഷ്ണുവിന്റെ വര പ്രസാദത്താലാണ് മാതാപിതാക്കൾക്ക് കിട്ടിയതെന്നും പറയപ്പെടുന്നു .ചെറുപ്രായത്തിൽ തന്നെ അസാധാരണമായി സകലവിദ്യകളും സ്വയം പഠിച്ചെടുത്തു ..കച്ചവടക്കാരായ കാരണവന്മാർ പോകുമ്പോൾ അവരുടെ കൂടെ കച്ചവടത്തിനായി പോകാൻ വാശി പിടിച്ചു .. പക്ഷെ നിനക്ക് കച്ചവടം ചെയ്യാൻ അറിയില്ല എന്നു പറഞ്ഞ്  കാരണവന്മാർ   കൂടെ കൂട്ടാൻ സമ്മതിച്ചില്ല .. അവർ കാണാതെ പുറകെ പോയി ദേവൻ. കച്ചവടം ചെയ്ത് പ്രശസ്തനായി ..

ആദ്യം കാലികച്ചവടം ചെയ്തു .. പിന്നെ പല വ്യഞ്ജനങ്ങൾ കച്ചവടം നടത്തി.. തുവര, കടല ,വെല്ലം,കൽക്കണ്ടം  എന്നീ സാധനങ്ങൾ കച്ചവടം ചെയ്തു .. മായയാൽ കടല ചെറുമണി ചരലായും കൽക്കണ്ടം വെങ്കല്ലായും മറിച്ചു.. മീത്തലെ വീട്ടിൽ  പെരുമാൾക്ക് ചുങ്കം വീഴ്ത്താൻ പണം കയ്യിലുണ്ടായിരിക്കെ വെളുത്തരി കൊണ്ട്  ചുങ്കം വീഴ്ത്തി മായ കാണിച്ചു .. കച്ചവടം കഴിഞ്ഞു മടങ്ങുന്ന വഴി രാത്രി  ഖോരമായ ചെന്നികുത്ത് വന്നു ..കയ്യിലുണ്ടായിരുന്ന ചൂട്ടു നഷ്ടപെട്ടു .കണ്ണു കാണാതെയായി വഴി പിഴച്ചു പെരുമ്പുഴയാറ്റിൽ വീണു . മരണപെട്ടു.. പിറ്റേ ദിവസം മത്സ്യബന്ധനത്തിന് പോയ വള്ളുവന് വലയിൽ കിട്ടി ..ദിവ്യമായ  ആ ദേഹം കണ്ടത് മുതൽ വള്ളുവന്റെ  വീട്ടിൽ  പല പല ദൃഷ്ടാന്തങ്ങൾ കണ്ടു .. ജോത്സ്യരെ  വരുത്തി രാശിക്രമം നോക്കി  രാശിപ്രകാരം ഇതൊരു സാദാരണ  മനുഷ്യനല്ല .. നിന്റെ കുലം  സംരക്ഷിക്കാൻ പോന്നോരു  ദൈവമാണ് എന്ന് കണ്ടു . അങ്ങനെ വള്ളുവന്മാരുടെ കുലദൈവമായി  മാറി .. അവർ പയംകുറ്റി ,ഇറച്ചി,മത്സ്യം  എന്നിവ നൈവേദ്യമായും നല്കുകയും കോലസ്വരൂപം കെട്ടിയാടിക്കുകയും  ചെയ്തു ..


ഫോട്ടോ കടപ്പാട്:: ഷിജിത്ത്  എം ബി 

Saturday, April 27, 2013

കണ്ടനാർ കേളൻ ..... അഗ്നി പ്രപഞ്ചക്കാരൻ


"ഉടലിൽ പാമ്പിണ  ചേരും മുകിൽ വർണൻ
ആത്മപാരിതിൽ പുകൾപെറ്റ  കണ്ടനാർ കേളൻ"

പയ്യന്നൂരിനടുത്ത രാമന്തളിയിലെ കുന്നരു എന്ന പ്രദേശത്ത് ഭൂപ്രഭുവായിരുന്ന മേലേടത്ത് ചക്കി എന്ന  സ്ത്രീക്ക് തന്റെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം  എന്ന കാട്ടിൽ  വച്ച് ഒരു ആണ്‍കുട്ടിയെ കളഞ്ഞുകിട്ടി .. അവനു കേളൻ  എന്ന് നാമകരണം ചെയ്ത്  സ്വന്തം പുത്രനെപോലെ  ആ അമ്മ വളർത്തി.. വളർന്നു  പ്രായപൂർത്തിയായ  കേളന്റെ  ബുദ്ധിയും   വീര്യവും ആരോഗ്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവന്റെ അധ്വാന ശേഷി  അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവുകിട്ടാൻ അവരെ സഹായിച്ചു .. ചക്കിയമ്മയുടെഅധീനതയിലായിരുന്ന കുന്നരു പ്രദേശം കേളന്റെ  മിടുക്ക് കൊണ്ട് സമ്പൽ സമൃദ്ധിയിലായി .. ഇതുപോലെ തന്റെ വയനാട്ടിലുള്ള സ്ഥലവും കൃഷി യോഗ്യമാക്കണം എന്ന് ആ അമ്മക്ക് തോന്നി .. അവർ കേളനെ  വിളിച്ചു കാര്യം പറഞ്ഞു .. അമ്മയുടെ വാക്കുകൾ  മനസ്സാവരിച്ച കേളൻ നാല് കാടുകൾ കൂടിച്ചേർന്ന  പൂമ്പുനം വെട്ടിതെളിക്കാൻ  ഉരുക്കും ഇരുമ്പും കൊണ്ട് തീർത്ത  പണിയായുധങ്ങളും തന്റെ ആയുധമായ വില്ലും ശരങ്ങളും എടുത്തു പുറപ്പെട്ടു .. പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന കള്ള്  ആവോളം എടുത്തു കുടിച്ചു .. വഴിയിൽ  വച്ച് കുടിക്കാനായി ഒരു  കുറ്റി  കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി  അവൻ യാത്ര തുടർന്നു.. പൂമ്പുനത്തിൽ എത്തി .. നാല്കാടുകളും വെട്ടിതെളിച്ചു .. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു .. അതുമാത്രം കേളൻ  വെട്ടിയില്ല. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നും  പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത് .. പൂമ്പുനം നാലും തീയിടാൻ കേളൻ ആരംഭിച്ചു .. കാടിന്റെ നാല് മൂലയിലും നാല് കോണിലും  തീയിട്ട് അതിസാഹസികമായി അതിനു നടുവിൽ  നിന്നും  പുറത്തു ചാടി .. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തേക്കു എടുത്തു ചാടിയ അവനു പിന്നീട് അതൊരു രസമായി തോന്നി .. മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന  നാലാമത്തേതിൽ അവൻ എത്തി .. നാലാമത്തേതും  തീയിട്ടു .. അഗ്നിയും വായുവും കോപിച്ചു .. എട്ടു ദിക്കിൽ  നിന്നും തീ ആളിപടർന്നു.. കേളന് പുറത്തു ചാടാവുന്നതിലും ഉയരത്തിൽ   അഗ്നിപടർന്നു.. നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്ന് കണ്ട കേളൻ അതില്ന്റെ മുകളിലേക്ക് ചാടികയറി. രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളന്റെ  ദേഹത്തേക്ക് പാഞ്ഞു കയറി .കേളൻ  അമ്മയെവിളിച്ചുകരഞ്ഞു.. ഇടതുമാറിലും  വലതുമാറിലും നാഗങ്ങൾ  ആഞ്ഞുകൊത്തി..കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു .നാഗങ്ങളെയും കേളനെയും അഗ്നി വിഴുങ്ങി .. അവർ ചാരമായി തീർന്നു..

തന്റെ പതിവ്നായാട്ടു കഴിഞ്ഞു അതുവഴി വന്ന വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീരായി  കിടക്കുന്ന കേളനെകണ്ടു .. ദേവൻ  തന്റെ പിൻകാലു കൊണ്ട് വെണ്ണീരിൽ അടിച്ചു ..ദേവന്റെ പിൻകാലു പിടിച്ച്  കേളൻ എഴുന്നേറ്റു .. മാറിൽ രണ്ടു നാഗങ്ങളുമായി പുനർജന്മം വച്ച കേളൻ ദൈവകരുവായിമാറി .. വയനാട്ടുകുലവൻ  കേളനെ  അനുഗ്രഹിച്ചു .. ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാര്കേളൻ  എന്ന് പ്രശസ്തനാകും എന്ന് അനുഗ്രഹവും തന്റെ ഇടതു ഭാഗത്ത്‌ ഇരിക്കാൻ പീഠവും കയ്യിൽ  ആയുധവും പൂജയും കൽപ്പിച്ചു കൊടുത്തു ..

പൂമ്പുനത്തിലെ തീയിൽ  നിന്നും ചാടി പുറത്തേക്കു ഇറങ്ങുന്നതിനെ കാണിക്കാൻ ഈ തെയ്യം അഗ്നിയിലൂടെ കയറി ഇറങ്ങാറുണ്ട്‌.. ..ആദ്യം നാലായിപകുത്തു മേലേരി കൂട്ടിയ ശേഷം നാലും ഒന്നാക്കി ഓലയിട്ടു  തീ കത്തിക്കുകയാണ് ചെയ്യുന്നത് ...   വണ്ണാൻ  സമുദായക്കാരാണ് വളരെ അധികം അപകടം ഉണ്ടായേക്കാവുന്ന  ഈ തെയ്യക്കോലം കെട്ടിയാടുന്നത്‌ .. യാതൊരു വിധ സുരക്ഷയുമില്ലാതെ ആളുന്ന അഗ്നിയിലൂടെ ചാടിയിറങ്ങുന്ന കണ്ടനാർ കേളന്റെ  തെയ്യക്കോലം ശ്വാസമടക്കിപിടിച്ചേ ഏതൊരാൾക്കും  കാണാൻ കഴിയുകയുള്ളൂ എന്നത് തീർച്ച.."പൂമ്പുനം ചുട്ട കരിമ്പുനത്തിൽ കാട്ടിൽ
കരുവേല മൂർഖൻ  വന്ന്  മാറിൽ കടിച്ചു
വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലും നേരം മറ്റാരുമില്ല
സഖേയെനിക്ക്
കണ്ടുടൻ  മേലേടത്തമ്മയപ്പോൾ

വാഴ്ക നീ വളർക നീ കണ്ടനാർ കേളാ "
ഫോട്ടോ കടപ്പാട്:: ശ്രീലാൽ . പി. പി

തെയ്യത്തിന്റെ മികച്ച ചിത്രങ്ങൾ ഇവിടെ കാണാം .. ശ്രീലാലിന്റെ ബ്ലോഗ്‌
http://www.chithrappetti.blogspot.in/

Wednesday, April 17, 2013

കുണ്ടോറ ചാമുണ്ഡി ... അസുര നിഗ്രഹം നടത്തിയ കാളി

ദേവാസുര യുദ്ധ സമയത്ത് ദേവി പല രൂപത്തിൽ  അവതാരമെടുത്ത് അസുര നിഗ്രഹം നടത്തി .. അതിൽ പ്രാധാന്യമുള്ള ഒരു അവതാരമൂർത്തിയാണ്  കൌശികി  ദേവി ..   കൌശികി ദേവിയുടെ അംശവതാരങ്ങളിൽ ഒന്നായ ചാമുണ്ഡി ദേവതാസങ്കല്പത്തിലുള്ള തെയ്യകോലമാണ് കുണ്ടോറ  ചാമുണ്ഡി . അസുര നിഗ്രഹം ശേഷം  കാളി   ദേഹശുദ്ധി വരുത്താൻ കാവേരി തീർത്ഥകരയിൽ  വന്നു ചേർന്നു.. അപ്പോൾ അവിടെ കുണ്ടോറ തന്ത്രിയും എട്ടില്ലം തന്ത്രിയും കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു ..അത് കണ്ട കുസൃതി തോന്നിയ ദേവി ബ്രാഹ്മണ ശ്രേഷ്ഠരുടെ  നിത്യകർമ്മത്തിൽ   പിഴ വരുത്തി .. മാന്ത്രികനായ  കുണ്ടോറ  തന്ത്രിക്ക് ഇത് ചെയ്തത് കാളിയാണ്‌  എന്ന് മനസ്സിലായി ..കോപം പൂണ്ട കുണ്ടോറ  തന്ത്രി കാളിയെ  ഒരു ചെമ്പുകിടാരത്തിൽ ആവാഹിച്ച്  അടച്ചു .. ആ പാത്രവുമായി  തന്ത്രിമാർ യാത്ര തുടർന്നു..

കാളിയുടെ  പ്രഭാവത്താൽ മൂന്നു ദിവസത്തെ പെരുവഴി മൂന്ന്കാതമായി കുറഞ്ഞു .. യാത്രയിൽ അവർ ഒരു മരചുവട്ടിൽ  വിശ്രമിക്കാൻ ഇരുന്നു .. അവിടെ തന്നെ ഉറങ്ങിപോയ   തന്ത്രിമാർ  അറിയാതെ  ചെമ്പ്കിടാരം പൊട്ടിപിളർന്നു  കാളി പുറത്തു വന്നു .. ഒരൊറ്റ രാത്രി കൊണ്ട്
കുമ്പഴകോവിലകത്തെ  ആല തകർത്തു  അവിടെയുണ്ടായിരുന്ന 101 കന്നുകാലികളെ   ചാമുണ്ഡി ഭക്ഷിച്ചു തീർത്തു.. ഈ അത്ഭുത കൃത്യം കുമ്പഴ നാടുവാഴിയെ  ഞെട്ടിച്ചു ..   കാലികളെ പഴയതുപോലെ നിലനിർത്തിതരാൻ അത്രയും ശക്തിയുള്ള ഏതെങ്കിലും ദൈവമോ ഭഗവതിയൊ ആണ് ഇത് ചെയ്തതെങ്കിൽ   എന്റെ കുണ്ടോറ അപ്പന്റെ വലതുഭാഗത്ത്‌ ഇരിക്കാൻ പീഠവും  സ്ഥാനവും കുരുതിയും നൽകാമെന്ന് വാഴുന്നോർ തൊഴുതുപ്രാർഥിച്ചു ..
 നേരം വെളുത്തപ്പോൾ കന്നുകാലികൾ പഴയത്പോലെ നിലനിന്നു കണ്ടു .. പറഞ്ഞതിൻ  പ്രകാരം കുണ്ടോറ  അപ്പന്റെ വലതുവശത്ത് സ്ഥാനം നൽകി  കാളിയെ ആരാധിച്ചു .. അങ്ങനെ കുണ്ടോറ  അപ്പന്റെ (ശിവൻ) വലതു വശത്ത് സ്ഥാനമുള്ള കാളിയായത്‌ കൊണ്ട് കുണ്ടോറ  ചാമുണ്ഡിയായി .. പിന്നീട്

അവിടെ നിന്നും തെക്കോട്ടെക്ക്  യാത്ര തിരിച്ച കാളി കീഴൂര് എത്തി .. കീഴൂര് ശാസ്താവ് ദേവിക്ക് പോകാൻ വഴി കൊടുത്തില്ല .. ഒരു വ്യാഴ വട്ടക്കാലം കാളി കാത്തു നിന്നു .. പക്ഷെ ശാസ്താവ് വഴങ്ങിയില്ല .. കോപാകുലയായ കാളി നാട്ടിൽ  അനർത്ഥങ്ങൾ വിതച്ചു .. കാളിയുടെ ശക്തി മനസ്സിലാക്കിയ ശാസ്താവ് അവസാനം ദേവിക്ക് വഴി കൊടുത്തു ...ദേവി തുളുനാട് കടന്നു മലനാട്ടിലേക്കു വന്നു.. അവിടെ കോലത്തിരി രാജാവ് ദേവിക്ക് കോലരൂപവും നൽകി ഗുരുതി കലശം എന്നിവയും നൽകി.. ദേവി സംപ്രീതയും ശാന്തയുമായിഭക്തർക്ക്‌ അനുഗ്രഹം ചൊരിഞ്ഞ്  കോലത്തുനാട്ടിൽ സ്ഥാനമുറപ്പിച്ചു എന്നും ഐതിഹ്യം .. 


ഫോട്ടോ കടപ്പാട്: ഷാജി മുള്ളൂക്കാരൻ


Tuesday, April 16, 2013

ഭദ്രകാളി(കോലസ്വരൂപതിങ്കൽ തായ്) .........കോലസ്വരൂപത്തിന്റെ കുലദേവത

ശ്രീ മഹാദേവന്റെ ആഞ്ജ ധിക്കരിച്ച് ദക്ഷരാജധാനിയിൽ സതീദേവി യാഗത്തിന് ചെന്നു.. ദക്ഷനാൽ അപമാനിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ആത്മാഹൂതി ചെയ്തു .. ഇതറിഞ്ഞ മഹാദേവൻ  കോപം കൊണ്ട് വിറച്ചു .. താണ്ഡവമാടി .. താണ്ഡവതിനൊടുവിൽ ദേവൻ  തന്റെ ജട പറിച്ചു നിലത്തടിച്ചു .. അതിൽ നിന്നും ഭദ്രകാളിയും വീരഭദ്രനും ജനനം കൊണ്ടു.. 

ശ്രീ മഹാ ദേവന്റെ ആഞ്ജപ്രകാരം ഭൂതഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗ സ്ഥലത്ത് ചെന്ന ഭദ്രകാളിയും കൂട്ടരും  അവിടം മുഴുവൻ നശിപ്പിച്ചു .. ദക്ഷന്റെ തലയറുത്തു .. യാഗശാല അഗ്നിക്കിരയാക്കി .. തിരിച്ചു വന്ന പുത്രിക്ക് ശ്രീ മഹാദേവൻ  കൈലാസ പർവ്വതത്തിനു വടക്ക് രാജതാജലതിനടുത്ത്  തന്നെ വസിക്കാൻ ഇടം നല്കി .. പിന്നീട് ദേവാസുര യുദ്ധ സമയത്ത് വീണ്ടും അവതരിച്ച ദേവി എഴാനകളുടെ ശക്തിയുള്ള ധാരികനെ ഏഴുപിടിയാൽ പിടിച്ചു തലയറുത്തു ചോരകുടിച്ചു .. തന്റെ അവതാര ലക്ഷ്യം പൂർത്തിയായ ദേവിയെ ശിഷ്ടജന പരിപാലനാർത്ഥം  ദേവൻ  ഭൂമിയിലേക്ക്‌ അയച്ചു .. കോലത്തുനാടിന്റെ പ്രധാന ആരാധനാ ദേവതയായ ഭദ്രകാളിക്ക് കോലത്തിരി സ്ഥാനം നൽകി  ആരാധിച്ചു .. തന്റെ കുലദേവതയായി ദേവിയെ ആരാധിക്കുകയും കോലസ്വരൂപം കെട്ടിയാടിക്കുകയും ചെയ്തു ..


വടക്ക് തിരുവർക്കാട്(മാടായി കാവ്), തെക്ക് കളരിവാതിൽക്കൽ,  കിഴക്ക് മാമാനികുന്നു (മാമാനം അമ്പലം)  , പടിഞ്ഞാറ് ചെറുകുന്ന് എന്നിങ്ങനെ കോലത്തു നാടിനെ നാലായി  പകുത്തു  ശ്രീ മഹാ ദേവൻ  ഭദ്രകാളിക്ക് നൽകി എന്നും അങ്ങനെ കോലത്തു നാടിന്റെ ആരാധനാ ദേവതയായി ഭദ്രകാളി മാറി എന്നുമാണ് ഐതിഹ്യം ..  . കോലത്തിരി രാജവംശത്തിന്റെ ദേവത ഭദ്രകാളിയാണ് ..  കോലത്തിരി ദേവിക്ക് കോലസ്വരൂപം നൽകി കോലസ്വരൂപതിങ്കൽ തായ്പര ദേവതാ എന്ന  പേരില് ആരാധിച്ചു എന്നു  പറയപ്പെടുന്നു ..  . രക്തം ദാഹിച്ചു വരുന്ന രൗദ്ര രൂപിണിയായ ഭദ്രകാളി പുതിയഭഗവതിയുടെ ഉറ്റ തോഴിയാണ് .. പുതിയഭഗവതിയുള്ള കാവുകളിൽ ഭദ്രകാളി എന്ന പേരിലും അല്ലാത്തിടത്ത് കോലസ്വരൂപതിങ്കൽ  തായ് എന്ന പേരില് ശാന്തസ്വരൂപിണിയായ പ്രധാന ദേവതയായും ആരാധിക്കപെടുന്നു .. ചിലയിടങ്ങളിൽ പുതിയ ഭഗവതിയുടെ കോലതിന്മേൽ കോലമായാണ് (പുതിയഭഗവതി തെയ്യംകെട്ടിയ ആൾ തന്നെ അതെ കോലത്തിനു കുറച്ചു മിനുക്ക്‌ പണികളോട് കൂടി വന്ന് നൃത്തമാടുന്നത്) ഈ ദേവതയെ കെട്ടിയാടുന്നത്‌ ..വലിയ മുടിവച്ചാടുന്ന ദേവിയുടെ മുടി ദേവിയുടെ രൌദ്രത തന്നെയാണ് വെളിവാക്കുന്നത്.. മുഖത്തിൽനിന്നും എത്ര മുന്നോട്ട് തള്ളി മുടി നില്ക്കുന്നുവോ അത് തെയ്യത്തിന്റെ രൌദ്രഭാവമാണ്  കാണിച്ചു തരുന്നത്  .. രൌദ്രതക്കനുസരിച്ച് മുടിയുടെ മുന്നോട്ടുള്ള തള്ളിനിൽക്കൽ കൂടും .. നൃത്തമാടുന്നതിനടയിൽ  വാദ്യ ഘോഷങ്ങൾ നിർത്തിച്ചു  തെയ്യം പറയുന്ന ഒരുവാമൊഴി താഴെ ചേർക്കാം..

" പൈതങ്ങളെ എന്റെ ശ്രീമഹാ ദേവൻ തിരുവടി നല്ലച്ചൻ എനിക്ക് നാല്ദേശങ്ങൾ  കല്പ്പിച്ചു തന്നിട്ടുണ്ടല്ലോ .. ഈ സ്ഥലം മുൻപേതുവായിട്ട് ഈ കാൽകളിയാട്ടം കൊണ്ട്കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും...  ആയതിനാൽ
എന്റെ നല്ലച്ചൻ എനിക്ക് കല്പ്പിച്ചു തന്ന ഈ തിരുവർകാട്ടു  വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ .."

(ദേശാന്തരങ്ങൾക്ക് അനുസൃതമായി വടക്ക് എന്നത് തെക്ക്,കിഴക്ക് ,പടിഞ്ഞാറ് എന്നിങ്ങനെ മാറും)


ഫോട്ടോ:: ഗൂഗിൾ

Wednesday, April 10, 2013

കണ്‍ഠാ കർണൻ...മന്ത്രമൂർത്തികളിലെ അസുര മൂർത്തി
ശ്രീ മഹാദേവന്റെ പുത്രനും ശിവഗണങ്ങളിൽ  പ്രധാനിയുമായ അസുരമൂർത്തി.. ഭദ്രകാളിയുടെ വസൂരി രോഗം മാറ്റാനാണ് ശിവൻ ഖോരരൂപിയായ ഈ അസുരമൂർത്തിയെ സൃഷ്ടിചതെന്നു പറയപ്പെടുന്നു ..
അരയിൽ പതിനാറു പന്തങ്ങളോട് കൂടിയുള്ള ഈ ഉഗ്രമൂർത്തി മഹാ ദേവന്റെ കണ്ഠത്തിൽ  ജനിച്ച്  കർണതിലൂടെ  ആവിര്ഭവിച്ചു എന്നും അതുകൊണ്ടാണ് ആ പേര് വന്നത് എന്നും കരുതുന്നു..

തലയിൽ  നെരി പോടും ഇടതു തൃക്കയ്യിൽ ചൂട്ടും ചൂരക്കോലും കപാലവും  മണിയും ചീനവാദ്യവും വലതു തൃക്കയ്യിൽ കൊടിവിളക്കും ധൂമകുറ്റിയും അണിഞ്ഞ ദേവന് ഇരുനൂറു തൃകണ്ണും  മൂന്നാം കണ്ണും ആയിരം മുഖങ്ങളും രണ്ടായിരം കൈകളും മൂന്നരകോടി രോമ ദ്വാരങ്ങളും  ഉണ്ടെന്നു വിശ്വസിക്കപെടുന്നു ..

 മന്ത്രമൂർത്തികളിൽ  പ്രധാനിയായ ഈ ദേവന്റെ  വളരെയധികം അപകടം പിടിച്ച  തെയ്യക്കോലം  മലയ സമുദായക്കാരാണ് കെട്ടിയാടറുള്ളത്.. അരയ്ക്കു താഴെ മനുഷ്യ  രൂപവും അരയ്ക്കു മുകളിൽ  ഭദ്രകാളി രൂപവുമാണ് ഈ ദേവനുള്ളത്.. .. ഭദ്രകാളിയുടെ വസൂരി രോഗം മാറ്റിയശേഷം ചെറുമനുഷ്യരുടെ വസൂരി മാറ്റാൻ ഭൂമിയിലേക്ക്‌ എഴുന്നള്ളി എന്നു പറയപ്പെടുന്നു .. മന്ത്രവാദപാരമ്പര്യമുള്ള ഗൃഹങ്ങളിലും ഇല്ലങ്ങളിലുമാണ്  ഈ തെയ്യക്കോലം സാധാരണയായി കെട്ടിയാടാറുള്ളത്


ഫോട്ടോ : ഗൂഗിൾ

Monday, April 8, 2013

പുലിയൂര് കാളി..... രൗദ്ര ഭാവമുള്ള ശിവപുത്രിഒരിക്കൽ തുളൂർ വനത്തിലൂടെ സഞ്ചരിക്കാൻ ഇടയായ പാർവ്വതിപരമേശ്വരന്മാർക്ക്  പുലികളുടെ ക്രീഡ  കണ്ട്  അങ്ങനെ ആയിതീരണമെന്ന മോഹം ഉണ്ടായി .. അങ്ങനെ പുലി രൂപമെടുത്തു  പുലികണ്ടനും പുള്ളികരിങ്കാളിയുമായി തീർന്ന  അവർക്ക്  താതെനാർ കല്ലിന്റെ  തായ്മടിയിൽ 5 പൊൻമക്കൾ ഉണ്ടായി .. 4 ആണ്‍മക്കൾ ഉണ്ടായ ശേഷം ദേവിക്ക് ഒരു പെണ്‍കുട്ടി കൂടി വേണം എന്ന ആഗ്രഹം ഉദിച്ചു ..അങ്ങനെ ഏറ്റവും ഇളയവളായി പുലിയൂര് കാളി ജനിച്ചു .. വിശന്നു വലഞ്ഞ  പുലികുട്ടികൾ നാട്ടിലിറങ്ങി കുറുംബ്രാതിരി വാണോരുടെ  ആലയിലെ പശുക്കളെ ഭക്ഷിച്ചു .. പുലിദൈവങ്ങളാണ് ഇതിനു പിന്നിലെന്ന് മനസ്സിലാക്കിയ വാണോർ വീരനായ തന്റെ പടനായകന് കരിന്തിരി കണ്ണൻ നായരോട് പുലികളെ കൊന്നൊടുക്കാൻ ആവശ്യപ്പെട്ടു .. തന്റെ മരണം പുലിദൈവങ്ങളുടെ കയ്യാൽ തന്നെയാണ് എന്നറിഞ്ഞു കൊണ്ട് തന്നെ കരിന്തിരി കണ്ണൻ തുളൂർ വനത്തിൽ ചെന്ന് ചന്ദ്രേരൻ  മാവിൽ പുലികളുടെ വരവും  കാത്ത് ഒളിച്ചിരുന്നു.. ഒളിപുറമേ തുള്ളി വീണ പുലികണ്ടൻ കരിന്തിരി കണ്ണൻ നായരെ വധിച്ചു .. പുലിദൈവങ്ങളാൽ  വധിക്കപ്പെട്ട കരിന്തിരി കണ്ണൻ ദൈവകരുവായി മാറി ..

പുലികളുടെ ശക്തി മനസ്സിലാക്കിയ കുറുംബ്രാതിരി വാണോർ  തുളുവനത് ഭഗവതിയുടെ വലതു വശത്ത് സ്ഥാനവും പീഠവും  നല്കി ആദരിച്ചു .. തുളുവനത്തു ഭഗവതിയെ നായനാരായി സ്വീകരിച്ചു ദൈവങ്ങൾ  തുളുവനത്തു വാണു.. തുളുവനത്തു ഭഗവതിയെ തൊഴാൻ വന്ന കാരിയത്തു മൂത്ത തണ്ടാന്റെ കെട്ടും ചുറ്റും കണ്ടു മോഹിച്ച് അദ്ദേഹത്തിന്റെ വെള്ളോല മേക്കുട ആധാരമായി പുലിദൈവങ്ങൾ  രാമരത്തെക്ക്എഴുന്നള്ളി.. അവിടുന്ന്മേലേടത്ത്  തറവാട്ടിലേക്കും  അവിടെ നിന്നും പിന്നീട് കണ്ടോത്ത്  കൂറുംബ  ക്ഷേത്രത്തിലേക്കും എഴുന്നള്ളി ..അവിടുന്നും മതിപോര എന്ന  അവസ്ഥയെ കരുതി കൂറുംബ  ക്ഷേത്രവും കോറോം മുച്ചിലോട്ടു  ക്ഷേത്രവും കോയ്മ സ്ഥാനം വഹിച്ചിരുന്ന  പനയന്തട്ട നായരുടെ തറവാടിന്റെ പടിഞ്ഞാറ്റയിൽ  വന്നു കയ്യെടുത്തു.. കോറോം മുച്ചിലോട്ടു നിന്നും ഒരു തവണ മുച്ചിലോട്ടു ഭഗവതിയുടെ എളത്തു  വന്നപ്പോൾ പുലിദൈവങ്ങൾ എനിക്ക് ഇവിടെ ദുരിതം വരുത്തുന്നുവെന്നു വീട്ടമ്മ ദേവിയോട് പരാതി പറഞ്ഞു .. പടിഞ്ഞാറ്റയിൽ  പുലിദൈവങ്ങളുടെ സാനിധ്യമുണ്ടായിരുന്ന കുറ്റിവിളക്ക്  വലതു കയ്യാൽ പറിച്ചെടുത്ത്‌  കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ കിഴക്കേ പടിക്കരികിൽ ഉറപ്പിച്ചു മുച്ചിലോട്ടമ്മ .. അങ്ങനെ പുലി ദൈവങ്ങളുടെ സാന്നിധ്യം കോറോം മുച്ചിലോട്ടു ഉണ്ടായി .. പിന്നീടു എല്ലാ മുച്ചിലോട്ടു കാവുകളിലും പുലിയൂര് കണ്ണനും പുലിയൂര് കാളിക്കും പള്ളിപീഠങ്ങൾ   ലഭിച്ചു ..

സാധാരണയായി ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പുലിയൂര് കാളി തെയ്യത്തെ ഉപ ദേവ സ്ഥാനത്ത്  ഒറ്റയ്ക്ക് കെട്ടിയാടാറുണ്ട്  ..എന്നാൽ മറ്റുള്ള പുലിതെയ്യങ്ങൾ  അങ്ങനെ പ്രത്യേകം കോലമായി  കെട്ടിയാടാറില്ല  .. എന്നാൽ ചില ഇടങ്ങളിൽ പുലിയൂര് കണ്ണനും പുലിയൂര് കാളിയും മാത്രം കോലമുണ്ട്.. പുലിദൈവങ്ങൾ  മൊത്തമായി കെട്ടിയാടുന്ന ക്ഷേത്രങ്ങൾ  ഐവർ  പരദേവതാ ക്ഷേത്രങ്ങൾ എന്നാണു അറിയപ്പെടുന്നത്..വളരെ മനോഹരമായ നൃത്ത ചുവടുകൾ ഉള്ള ദേവിയുടെ തിരുനൃത്തം തീർച്ചയായും  നമ്മുടെ കണ്ണുകളെ കുളിരണിയിക്കും ..

വണ്ണാൻ സമുദായക്കാരണ്  ഈ തെയ്യകോലം കെട്ടിയാടുന്നത്‌ .. വലിയ വട്ടമുടി വച്ച ദേവി നിർത്താതെ കറങ്ങുന്നതും കൊണ്ട് തിരുമുടി നിലത്തുമുട്ടിക്കുന്ന തരത്തിലുള്ള തിരുമുടി വണക്കം ചെയ്യുന്നതിലുംകൊണ്ട്   നല്ല ശാരീരിക ക്ഷമത  ഉള്ള ആളായിരിക്കണം കോലക്കാരൻ .. ഇല്ലെങ്കിൽ തീർച്ചയായും ഭംഗികുറവ് നൃത്തത്തിൽ അനുഭവപ്പെടും ..

.

Tuesday, April 2, 2013

ക്ഷേത്ര പാലകൻ .. ദുഷ്ട നിഗ്രഹം ചെയ്യാനവതരിച്ച ഉഗ്രമൂർത്തി

അസുരനായ ദമുഖനോട് യുദ്ധത്തിൽ പരാജയപെട്ട ദേവന്മാർ ശ്രീ മഹാ ദേവന്റെ അടുത്തെത്തി  പരാതി പറഞ്ഞു .. പരമശിവൻ  തന്റെ ശിഷ്യനായ പരശുരാമനെ ദമുഖ നിഗ്രഹം ചെയ്യാൻ അയച്ചു എങ്കിലും ദമുഖനോട് പരശുരാമനും പരാജയപെടുകയാണ് ഉണ്ടായത്..തന്റെ ശിഷ്യൻ പരാജിതനായി വന്നത് കണ്ട് ശിവഭഗവാൻ മഹാകാള രാത്രി എന്ന  ദേവിയെ സൃഷ്ടിച്ചു.. ഭദ്രകാളിയുടെ അവതാരമായ കാളരാത്രി ദമുഖനെ  കൊന്ന്  രക്തം കുടിച്ചു .. ദമുഖ നിഗ്രഹം കഴിഞ്ഞിട്ടും ദേവിയുടെ കോപം ശമിച്ചില്ല .. ഇത് കണ്ട പരമശിവൻ താണ്ഡവമാടി .. ദേവന്റെ നൃത്തം കണ്ട കാളരാത്രി മഹാദേവനെ പുണർന്നു.. അതിൽ അവർക്കുണ്ടായ പുത്രനത്രെ ക്ഷേത്ര പാലകൻ...

ക്ഷേത്രപാലകനോട് ഭൂമിയിൽ  ചെന്ന് വൈരജാതനോടും വേട്ടക്കൊരുമകനോടും ചേർന്ന് ദുഷ്ടരെ കൊന്നൊടുക്കാൻ മഹാദേവൻ  കൽപ്പിച്ചു ..  ദേവന്റെ കല്പന പ്രകാരം ക്ഷേത്ര പാലകൻ  നെടിയിരുപ്പു സ്വരൂപത്തിൽ   ചെന്നു.. ക്ഷേത്ര പാലകന്റെ വീര്യം മനസ്സിലാക്കിയ  സാമൂതിരി ദേവനെ തന്റെ പടനായകനാക്കി.. സാമൂതിരിയുടെ പുത്രന് കോലത്തിരിയുടെ മകളോട് പ്രണയമുണ്ടായിരുന്നു ... യുവരാജാവിന്റെ കരുത്തും വീര്യവും പരീക്ഷിച്ചറിയാൻ കോലത്തിരി അവരോടു അള്ളടം നാട് വെട്ടിപിടിക്കാൻ ആവശ്യപെട്ടു ... പത്തോളം  പ്രഭുക്കൾ വാണിരുന്ന അള്ളടം നാട് പിടിക്കാൻ ക്ഷേത്രപാലകൻ യുവരാജാവിന്റെ സഹായത്തിനെത്തി ... കൂടെ വേട്ടക്കൊരുമകനും വൈരജാതനും.. അവർ മൂവരും ചേർന്ന്ദുഷ്പ്രഭുകളെ കൊന്നൊടുക്കി അള്ളടം നാട് പിടിച്ചെടുത്ത് യുവരാജാവിനു സമ്മാനിച്ചു .. പയ്യന്നൂര് പെരുമാളുടെ അനുഗ്രഹം വാങ്ങിച്ച ശേഷം തന്റെ ജൈത്രയാത്ര തുടർന്ന  ക്ഷേത്രപാലകൻ അള്ളടം സ്വരൂപത്തിന്റെ ദേവനായി വാണു  എന്ന് ഐതിഹ്യം


ഫോട്ടോ:: ഗൂഗിൾ

Wednesday, March 27, 2013

വടക്കത്തി (പടക്കത്തി) ഭഗവതി .... രണദേവത


ദുഷ്പ്രഭുക്കളെ കൊന്നൊടുക്കാൻ പുറപ്പെട്ട പരശുരാമനെ സഹായിക്കാൻ രാമന്റെ ഗുരു കൂടിയായ ശ്രീ മഹാദേവൻ ഒരു രണദേവതയെ സൃഷ്ടിച്ചു കൂടെ അയച്ചതാണ് എന്നാണു ഐതിഹ്യം..    അസുരനെ വധിക്കാൻ പരശു രാമനൊപ്പം പടക്കെത്തിയ ഭഗവതിയായത് കൊണ്ട് പടക്കത്തി ഭഗവതി എന്നു പേരു വന്നു... എന്നാൽ ദേവിയുടെ ശരിയായ നാമം വടക്കത്തി ഭഗവതി ആണെന്നും ഭൂമിയിലെത്തിയ ദേവി എങ്ങോട്ട് പോണമെന്നറിയാതെ വിഷമിച്ചു എന്നും അവസാനം വടക്ക് ഭാഗത്തേക്ക് പോകാൻ തീരുമാനിച്ചു എന്നും അതിനാലാണ് ഈ പേര് വന്നതെന്നും പറയപ്പെടുന്നു .. 

ദേവിയുടെ ജനനവുമായി ബന്ധപ്പെട്ടു ശിവൻ  സൃഷ്ടിച്ചു എന്ന് കൂടാതെ മറ്റൊരു കഥ കൂടി കേൾക്കുന്നുണ്ട് .. ശ്രീ പാൽകടലിൽ   വെള്ളിമാൻ കല്ലിനരികത്ത് ഏഴു മടലുകളും എട്ടു തിരുളുകളുമുള്ള  ഒരു കരിമ്പന ഉണ്ടെന്നും അതിന്റെ എട്ടാം തിരുളിന്റെ മുകളില ഏഴുപൊന്മുട്ടകൾ ഉണ്ടെന്നും അതില് ആറു മുട്ടയുടഞ്ഞു ആറു മലകളിലായി പോയി ചെന്ന് വീണു എന്നും അതിൽ നിന്നും ആറു പേരുണ്ടാകുകയും ഏഴാം മുട്ടയുടഞ്ഞു ഒരു ദേവകന്യക ഉണ്ടായി എന്നും പറയപ്പെടുന്നു.. പന്ത്രണ്ടാം വയസ്സിൽ ദേവകന്യക മെയ്തിരണ്ടു.. തിരണ്ടു കല്യാണം ആഘോഷമാക്കാൻ ആറ്  ആങ്ങളമാരും വന്നു  ചേർന്നു.. തിരുണ്ട കല്യാണത്തിന് ഇറച്ചി വേണം.. ആങ്ങളമാർ നായാട്ടിനു പുറപ്പെട്ടു.. മച്ചുനിയന്മാർ വഴി തടഞ്ഞു.. നായാട്ടു കഴിഞ്ഞു വന്ന ആങ്ങളമാരോട് മാൻതലയും കാലും ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു അവർ ശഠിച്ചു.. വാക്കേറ്റം യുദ്ധത്തിൽ കലാശിച്ചു .. ദേവിയുടെ ആറു ആങ്ങളമാരെയും മറുകരയിലെ മചുനിയന്മാർ കൊന്നു കളഞ്ഞു .. ഇതറിഞ്ഞ ദേവി തന്റെ ആഭരണങ്ങൾ പൊട്ടിച്ചെറിഞ്ഞു തപസ്സിനായി പുറപ്പെട്ടു .. തപസ്സിലൂടെ ശക്തി സമ്പാദിചു .. മച്ചുനിയന്മാരെ വധിച്ചു കളഞ്ഞു ..പിന്നീട്  പല നാടുകളിൽ പോയി പലരോടും യുദ്ധം ചെയ്ത് 18 ആയുധങ്ങൾ സമ്പാദിച്ചു .. ഇന്ദ്രന്റെ ആനയായ ഐരാവതത്തെ തോല്പ്പിച്ച്‌ തുമ്പികൈ കൈകൊണ്ടു.. തുളുനാട്ടിൽ ചെന്ന് തുളു ചേകവരെ  തോൽപ്പിച്ച് തുളു താടിയും മീശയും കൈക്കൊണ്ടു.. നെല്ല് കുത്തുന്ന പങ്ങാട്ടിയോട് പൊരുതി ഉലക്കയും മുറവും കൈക്കൊണ്ടു.. തീയനെ തോൽപ്പിച്ച് തളപ്പും ഏറ്റുകത്തിയും നേടി .. അർദ്ധപുരുഷ സങ്കൽപ്പത്തിലുള്ള  ഈ ദേവിക്ക് എല്ലാ നാടുകളും ചുറ്റികണ്ട ശേഷം  അവസാനം കോലത്തുനാട് കാണണം എന്ന മോഹമുണ്ടായി .. വിശ്വകർമാവിനെ വരുത്തി ഒരു മരക്കലം  പണിത് അതിലെറി കോലത്തു നാട് മുഴുവൻ കണ്ടു എന്നും അവസാനം ഇടത്തൂർ എത്തിയ ദേവി വിശ്വകർമാവിന്റെ അപേക്ഷ പ്രകാരം ഇടത്തൂർ കുടിയിരുന്നു എന്നും ഐതിഹ്യം..
Monday, March 18, 2013

കന്നിക്കൊരുമകൻ(മാനിച്ചേരി ദൈവം) ... വൈദ്യനാഥൻ

മക്കളില്ലാതിരുന്ന രാജ വംശമായ പുതുർവാടി  കോട്ടയിൽ കന്നിയായ (കന്യകയായ സ്ത്രീ) വാക്കത്തൂർ അക്കം തമ്മശ്ശേരി അമ്മയ്ക്ക് ഒരുപാട് പ്രാർത്ഥനയുടെയും വ്രതത്തിന്റെയും ഫലമായി ശ്രീ മഹാ ദേവൻ കനിഞ്ഞു നല്കിയ പുത്രൻ.. അനന്തരാവകാശികളില്ലാതിരുന്ന പുതുർവാടി കോട്ടയിൽ ഈ അമ്മയിൽ ഉണ്ടായ കുട്ടിക്കു മാത്രമേ രാജ്യം ഭരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ ..ആഭരണങ്ങൾക്ക്  വേണ്ടി കൊള്ളക്കാർ തട്ടികൊണ്ട് പോയ അക്കം ശ്രീ മഹാദേവന്റെ കൃപയാൽ രക്ഷപെട്ടു കുടക് മലയിൽ എത്തി ചേരുകയും ആരോരുമില്ലാതെ ഒറ്റയ്ക്ക് വസിക്കുകയും ചെയ്തു.

പക്ഷെ ഇങ്ങനെ ഒരു സ്ത്രീ ജീവിച്ചിരിക്കുന്ന കാര്യം പുതൂർവാടി കോട്ട മതിലകത്തെ രാജാവായ ആങ്ങളയ്ക്ക് അറിയില്ലായിരുന്നു . തനിക്കൊരു ആണ്‍തുണയായി ഒരു പുത്രൻ വേണമെന്ന് ആഗ്രഹം കൊണ്ട് അക്കം  ശ്രീ മഹാദേവനെ തപസ്സു ചെയ്തു.. അക്കത്തിന്റെ  40 ദിവസത്തെ കഠിന വൃതത്തിന്റെ ഫലമായി  നാല്പത്തിയൊന്നാം ദിവസം  മഹാദേവൻ  പ്രത്യക്ഷനായി കന്നിയായ സ്ത്രീക്ക്  .."ഈ കുളിയാൽ നിൻ കുളി നില്ക്കട്ടെ .. ഈ കരുവോ ഒരു കരുവാകട്ടെ" എന്ന അനുഗ്രഹം നല്കുന്നു .. യോനിയിലൂടെ പിറന്നാൽ ദേവപുത്രന്  യോനി ദോഷം വരുമെന്ന് പറഞ്ഞു ഗർഭത്തെ ആവാഹിച്ച് കരിങ്കല്ലിൽ സ്ഥാപിച്ചു ..ശിലപൊട്ടി പിളർന്ന് പൊൻമകൻ ഉണ്ടായി.. ജനന സമയത്ത്  മാരി പെയ്തു.. ഒറ്റപന്നി ഒച്ചയിട്ടു.. പുതൂർവാടി കോട്ടയിൽ ചിത്ര തൂണിൻമേൽ കെട്ടി തൂക്കിയ  ഉടവാളും പരിചയും തമ്മിൽ യുദ്ധം ചെയ്തു.. ക്ഷത്രിയനായ വീര പുത്രന്റെ ജനനം പ്രകൃതിക്ക് പോലും ആഹ്ലാദം നല്കി..കുട്ടിക്ക് ചോറ് കൊടുക്കാൻ സമയമായി .. ജോത്സ്യർ വന്നു കളം വരച്ചു.. രാശിക്രമ പ്രകാരം ഈ നാട് വിട്ട് മലനാട്ടിൽ ഒരു വാഴ്ച വാഴും പട്ടം കെട്ടി ക്ഷത്രിയ രാജാവാകും എന്നു പറഞ്ഞു

.. പാല് കൊടുത്തു പേരു വിളിച്ചു കുട്ടിക്ക്  വാക്കത്തൂർ കേളു.. ആസമാന്യ ബുദ്ധി ശക്തിയും ധൈര്യവും ഉണ്ടായിരുന്ന കേളു  ചെറുപ്പത്തിലെ തന്നെ എല്ലാ വിദ്യകളിലും ഗുരുക്കന്മാരെ തന്നെ തോല്പ്പിച്ചു .. വൈദ്യത്തിൽ പ്രശസ്തനായി.. "കണ്ണിലും കർണതിലുമുള്ള ഖോരമായ വ്യാധിയൊഴിപ്പവൻ എന്ന് പേര് കേട്ടു". അമ്മയോട് ചോദിച്ചു എന്റെ അച്ഛനാര് .. അമ്മ പുത്രന് ആങ്ങളക്ക്  താൻ നഷ്ടപെട്ടതടക്കമുള്ള കഥകൾ പറഞ്ഞു കൊടുത്തു.. കേളു  വീരപുതുചരം കളരിയിൽ ചേർന്നു വിദ്യകളെല്ലാം അതിവേഗം പഠിച്ചു..പന്ത്രണ്ടാം വയസ്സിൽ ആചാരം വാങ്ങി ചേകവനായി.. അമ്മയോട് അനുഗ്രഹം വാങ്ങി നേരമ്മാവനെ കാണാൻ പുതൂർവാടി കോട്ട ലക്ഷ്യമാക്കി പുറപ്പെട്ടു.. പോകുമ്പോൾ തന്റെ പൊന്നാങ്ങള സമ്മാനിച്ച ആയിരത്തെട്ടു രത്നങൾ പതിച്ച പന്നിമുക്കം പവിഴ മാല അമ്മ പുത്രന്റെ കഴുത്തിൽ അണിയിച്ചു കൊടുത്തു..

 വഴിയിൽ  ഉണ്ടായാ എല്ലാ പ്രതിസന്ധികളും കടന്ന് പുതുർവാടി  കോട്ടയിൽ എത്തി.. ആൾ ആരെന്നു മനസ്സിലാക്കാതെ അമ്മാവനുമായും യുദ്ധം ചെയ്യേണ്ടി വന്നു.. തോൽവി  സമ്മതിച്ച നേരമ്മാവനോട്  താൻ അക്കത്തിന്റെ പുത്രനാണ് എന്ന് പറഞ്ഞു.. മാല കണ്ട്  അമ്മാവനു  തിരിച്ചറിവുണ്ടായി.. മരുമകനെ പുതൂർവാടി കോട്ട രാജാവായി  വാഴിച്ചു....
 പിന്നീട് സുഹൃത്തായ ശാസ്തവോടും കൂടി ശിഷ്ടജന പരിപാലനത്തിന് പുറപ്പെട്ട ശിവപുത്രനായ ദേവനെ  ത്രിമൂർത്തികൾ ചേർന്ന് അനുഗ്രഹിചെന്നും  തങ്ങളുടെ ശക്തി കൂടി നല്കിയെന്നും കഥ ..ഒരുപാടുവർഷങ്ങൾക്കു   ശേഷം വയനാട്ടിൽ പോയി തിരിച്ചുവരുന്ന സുഹൃത്തുക്കളായ ഇടവലത്ത്,പാക്കം ,മൂവക്കാട്ട്, മാനിച്ചേരി എന്നീ തറവാട്ടിലെ കാരണവന്മാർക്ക് ദേവന്റെ ശക്തി ചൈതന്യം കുടികൊള്ളുന്ന രത്നം കളഞ്ഞു കിട്ടി ..  മാനിച്ചേരി കൊട്ടിലകത്തെ  കുറി തട്ടിൽ വച്ച രത്നം തുള്ളി കളിച്ചുവെന്നും അടുത്തുള്ള പാലമരത്തിനരികെ പോയി ഇരുന്നെന്നും പേടിച്ചു വിറച്ച മാനിച്ചേരി  കാരണവർ ജോത്സ്യനെ വിളിച്ച് അന്വേഷിച്ചപ്പോൾ ദേവന്റെ ചൈതന്യമാണ് അതിനു കാരണമെന്ന് അറിയുകയും ചെയ്തു.. നരിക്കോട് ഈറ്റിശ്ശേരി   ഇല്ലം വകയായിരുന്ന  രത്നം ഇരുന്ന സ്ഥലത്ത് ക്ഷേത്രം പണിയാൻ തീരുമാനിക്കുകയും ചെയ്തു.. അവിടെ പൂജയും വെള്ളാട്ടവും തണ്ണിനമൃതും കൊടുത്തു പൂജിച്ചുവെന്നും ഐതിഹ്യം ..

 ഈ ക്ഷേത്രത്തിനു ആശാരി കുറ്റിയിട്ടിട്ടില്ല  എന്നും രത്നം നാല് മൂലയിൽ പോയി നിന്നതിൻ പ്രകാരമാണ് ക്ഷേത്രം നിർമിച്ചതെന്നും  കേള്ക്കുന്നു.. വൈദ്യനാഥ സങ്കല്പത്തിലാണ് ദേവൻ  ഇവിടെ കുടിയിരിക്കുന്നത് .. "ആദി വയത്തൂരും  അക്ലിയതും  ക്ലാവൂരും  കൊണ്ട് ചെന്നാ തീരാത്ത മഹാവ്യാധി  മാനിച്ചെരി  തട്ടിനകത്തൂടെ  ഞാൻ ഒഴിവാക്കും പൈതങ്ങളെ" എന്ന് തെയ്യത്തിന്റെ വാമൊഴി.. മാനിച്ചെരി കുടിയിരുന്ന ശേഷം പിന്നീട് ഇടവലത്തും  പാക്കത്തും മൂവക്കാട്ടും ദേവനെ പ്രതിഷ്ഠിച്ചു  എന്നും കേള്ക്കുന്നു.. അധിക സ്ഥലങ്ങളിൽ  ഈ തെയ്യമില്ല.. എന്റെ പരിമിതമായ അറിവിൽ  അഞ്ചോ ആറോ സ്ഥലങ്ങളില മാത്രമേ ഈ തെയ്യമുള്ളൂ...എന്റെ നാട്ടിൽ ഈ തെയ്യത്തെ പൊതുവായി മാനിച്ചെരി ദൈവം എന്നാണ് പറയാറ്..
വളരെ ചെറുപ്പത്തിലെ തന്നെ തുടർച്ചയായി കാണുന്നതും കൊണ്ടും എന്റെ നാട്ടിൽ പ്രധാന ആരൂഡ സ്ഥാനമുള്ള ദേവനായതുകൊണ്ടും ചെറുപ്പത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട് ഈ തെയ്യത്തിന്റെ ഓരോ ചലനവും തോറ്റം പാട്ടും ..  വെള്ളാട്ടത്തിന്റെ പുറപ്പാട് സമയത്ത് ചൊല്ലുന്ന അതിമനോഹരമായ ഈ തെയ്യത്തിന്റെ തോറ്റം  പാട്ട് മനസ്സിലുണ്ട്.. രണ്ടു വരി താഴെ ചേർക്കാം .. കണ്ണൂര് ജില്ലക്കാർക്ക് തന്നെ അധികം പരിചയമില്ലാത്ത തെയ്യക്കോലം ആയതുകൊണ്ട് ഈ തെയ്യത്തിന്റെ ഒരു വീഡിയോയും താഴെ ചേർക്കുന്നു..

"ചന്ദ്രബിംബയാനന്റെ കണ്ണിലുള്ള വ്യാധിയും വാര്ധ്യ വീക്കമെക്കം
വീർപ്പുമുട്ടൽ കടച്ചിൽ ഖോരമായുള്ള  വ്യാധിയെല്ലാം ഒഴിപ്പാൻ
കാമ കാലത്മജാ കന്നിക്കൊരുമകാ കൈ തൊഴുന്നേൻ"

"കീര്ത്തിയെഴും കന്നികുന്നിൽ  നിന്നും ദൈവമോരുനാൾ
സംഹാര മൂര്തിയായ ശാസ്തവോടുടനെ ശക്തിയെറും  വൈഷ്ണവത്തെ
ഗ്രഹിചൂ നീ വിരലിൽ
കാമ കാലത്മജാ കന്നിക്കൊരു മകാ കൈതൊഴുന്നേൻ"Thursday, March 14, 2013

കണ്ണങ്ങാട്ട് ഭഗവതി ...യാദവരുടെ കുലദേവത

മലബാറിന്റെ വടക്ക് ഭാഗത്ത്‌ കൂടുതൽ കണ്ടുവരുന്ന  യാദവ സമുദായക്കാരുടെ (മണിയാണി) കുലദേവത .. ശ്രീ കൃഷ്ണന്‍റെ  സഹോദരിയായ യോഗമായ ദേവിയാണ് ശ്രീ കണ്ണങ്ങാട്ട്‌ ഭഗവതി..ശ്രീ കൃഷ്ണന്‍ തന്‍റെ   സ്വര്‍ഗാരോഹണ  സമയത്ത് തന്‍റെ പിന്മുറക്കാർക്ക്  ആരാധിക്കാന്‍ യോഗമായാ ദേവിയെ കാട്ടികൊടുത്തു അങ്ങനെ കണ്ണന്‍ കാട്ടിയ ഭഗവതിയാണ് കണ്ണങ്ങാട്ട്‌ ഭഗവതി.. അല്ല ദേവകിയുടെ എട്ടാമത്തെ കുട്ടിയാണ് എന്ന് തെറ്റിദ്ധരിച്ച്‌ തന്നെ കൊല്ലാന്‍ ഒരുങ്ങിയ കംസനോട് ഞാനല്ല നിന്‍റെ  അന്തകന്‍ അവന്‍ ജനിച്ചു കഴിഞ്ഞു എന്ന് കണ്ണനെ കാട്ടികൊടുത്തത് കൊണ്ടാണ് ആ പേര് വന്നതെന്നും കേള്‍ക്കുന്നുണ്ട്.. എന്നാല്‍ തെയ്യത്തിന്‍റെ  തോറ്റം പാട്ടില്‍ ഈ കഥ പ്രതിപാദിച്ചിട്ടില്ല.. സാദാരണ ദേവി സ്തുതികള്‍ മാത്രമേ തോറ്റം പാട്ടിലുള്ളു.. മുച്ചിലോട്ടു ഭഗവതിയുടെ ഉറ്റതോഴിയാണ് ഈ ദേവി..എല്ലാ മുച്ചിലോട്ടു കാവുകളിലും മുച്ചിലോട്ടു ഭഗവതി കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യത്തോടെ കെട്ടിയാടുന്ന തെയ്യകോലവും കണ്ണങ്ങാട്ട്‌ ഭഗവതിയുടെതാണ്.. കാണാനും മുച്ചിലോട്ടു ഭഗവതിയുമായി സാമ്യമുണ്ട്‌ ഈ ദേവി.. മുച്ചിലോട്ടു ഭഗവതിയുടെ കാവുകള്‍ മുച്ചിലോട് എന്നറിയപെടുന്നത് പോലെ കണ്ണങ്ങാട്ട്‌ ഭഗവതിയുടെ കണ്ണങ്ങാട്  എന്നാണു അറിയപെടാറ്.. വളരെ പതുക്കെയുള്ള  ഈ ദേവിയുടെ നൃത്തചുവടുകള്‍ നയനമനോഹരമാണ്.. പ്രധാന കണ്ണങ്ങാട് പയ്യന്നൂരിനടുത്തുള്ള എടനാട് (എടാട്ട് ) കണ്ണങ്ങാടാണ് ...
Saturday, March 9, 2013

പാടാര്‍ കുളങ്ങര വീരന്‍ .... തുടക്കകാരുടെ തെയ്യംപുതിയ ഭഗവതിയുടെ അനുചരവൃന്ദങ്ങളില്‍ ഒരാളായ ദേവന്‍ ..പാടാര്‍ കുളങ്ങര പുഴയ്ക്കരികില്‍ കൂടി നടന്നു പോകുമ്പോള്‍ പുതിയ ഭഗവതിയും പരിവാരങ്ങളും നീരാടുന്നത് കണ്ട ബ്രാഹ്മണ യുവാവ് ദേവിമാരുടെ നീരാട്ട് കണ്ട് രസിച്ചു നിന്നു .. ബ്രാഹ്മണ യുവാവ് തങ്ങളെ നോക്കുന്നത് മനസ്സിലാക്കിയ ദേവിമാര്‍ തങ്ങളുടെ കൂടെ കുളിക്കുന്നോ എന്നു  ചോദിച്ച്  അരികിലേക്ക് വിളിച്ചു ..തന്നെ വിളിക്കുന്നത്‌ പുതിയ ഭഗവതിയാണ് എന്നറിയാതെ അവിടെ ചെന്ന യുവാവിനോട് ഒന്ന് മുങ്ങി നിവരുവാന്‍ ദേവി ആവശ്യപെട്ടു ... ദേവിയുടെ നിര്‍ദ്ദേശ പ്രകാരം പുഴയില്‍ മുങ്ങിയ ബ്രാഹ്മണനെ നിവര്‍ന്നപ്പോള്‍  ദേവി തലയറുത്തു .. ദേവിയുടെ കൈകൊണ്ടു മരിച്ച ബ്രാഹ്മണന്‍ ദൈവകരുവായി മാറി.. പിന്നീട് പുതിയ ഭഗവതി ,വീരകാളി എന്നിവരോടൊത്ത് പെരിങ്ങളായി കമ്മളുടെ പടിഞ്ഞാറ്റയില്‍ സ്ഥാനം ലഭിക്കുകയും പിന്നീടിങ്ങോട്ട്‌ എല്ലാ പുതിയഭഗവതി ക്ഷേത്രങ്ങളിലും സ്ഥാനം കിട്ടുകയും ചെയ്തു..

വണ്ണാന്‍  സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടറുള്ളത്..പല വീരന്മാരെയും തെയ്യമായി കെട്ടിയാടാറുണ്ട് എങ്കിലും ഈ തെയ്യം കെട്ടുന്നത് മിക്കവാറും തെയ്യം കെട്ടിതുടങ്ങുന്ന തുടക്കകാര്‍ ആയിരിക്കും ... പിന്നീട് പേരെടുത്ത മിക്കവാറും പെരുവണ്ണാന്മാരും ആദ്യം കെട്ടിയ തെയ്യം മിക്കവാറും പാടാര്‍കുളങ്ങര വീരന്‍ ആയിരിക്കും.. ആദ്യം ബ്രാഹ്മണനെ പോലെ ഓല കുടയും നെയ്യമൃത് കുടവും കയ്യിലേന്തി  അരങ്ങിലെത്തുന്ന തെയ്യം പിന്നീട് തന്‍റെ  പൂണൂല്‍ പറിച്ചെറിഞ്ഞ് കോഴി അറവു നടത്തി ബ്രാഹ്മണനല്ലാതായി തീരുന്നു.. അത്ര പ്രാധാന്യം ഉള്ളതെയ്യം അല്ലെങ്കിലും ഈ തെയ്യത്തിന്റെ തോറ്റം ഉയര്‍ന്നു ചാടുകയും മലക്കം മറിയുകയും ചെയ്ത് കാണികളെ പിടിച്ചിരുത്തും .. മിക്കവാറും പുതിയ ഭഗവതി ക്ഷേത്രങ്ങളില്‍ ആദ്യം കെട്ടിയാടുന്ന തെയ്യകോലം വീരന്‍ ആയിരിക്കും
 ഫോട്ടോ കടപ്പാട്: ഗൂഗിള്‍ 

Thursday, March 7, 2013

ശ്രീ വേട്ടക്കൊരുമകന്‍ (ശ്രീ ശാസ്താവീശ്വരൻ).അഭിമാന്യ പ്രഭു

വനവാസകാലത്ത് വ്യാസന്റെയും ശ്രീകൃഷ്ണന്റെയും നിര്‍ദേശപ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനു വേണ്ടി അര്‍ജ്ജുനന്‍  ശിവനെ തപസ്സു ചെയ്തു.. അര്‍ജ്ജുനനെ പരീക്ഷിക്കാന്‍ ശിവപാര്‍വ്വതിമാര്‍ വേടരൂപം പൂണ്ടു .. ദേവിയുടെ വേടരൂപം കണ്ട് കാമ മോഹിതനായി തീര്‍ന്ന ദേവന് പാര്‍വ്വതിയില്‍ ഉണ്ടായ പുത്രനത്രെ ശ്രീ വേട്ടക്കൊരുമകന്‍ ദൈവത്താര്‍

 .. ശ്രീ ശാസ്താവിന്‍റെ അവതാരമായ വേട്ടക്കൊരുമകനില്‍ മഹാദേവന്റെ അത്രയും തന്നെ പ്രഭ കണ്ട ദേവകള്‍ ഭയചകിതരായി.. കാക്കയെ പോലെ കണ്ണുള്ളവനും  പതുക്കെ നടക്കുന്നവനുമായ വേട്ടക്കൊരുമകനെ മാനുഷ ലോകത്തിലേക്ക്‌ അയക്കാന്‍ മഹാദേവനോട്  ദേവകള്‍ ആവശ്യപെട്ടു .. ദേവകളുടെ പരാതി കേട്ട പരമശിവന്‍ പുത്രനെ മാനുഷ ലോകത്തിലെക്കയച്ചു ..ഭൂമിയില്‍ എത്തിയ  ദേവന്‍  തിരുവനന്തപുരം ,തൃശ്ശിവ പേരൂര്,തൃകുറ്റിശ്ശേരി, വയത്തൂര്, കോഴിക്കോട് എന്നിങ്ങനെ പലയിടങ്ങളില്‍ അലഞ്ഞു..ഒടുവില്‍  പുള്ളിയൂര്‍ കാവില്‍ ഉത്സവത്തിനു വന്ന കാറ കൂറ ഇല്ലത്തെ പെണ്‍കുട്ടിയെ കണ്ടുമോഹിക്കുകയും അവളെ വേള്‍ക്കുകയും ചെയ്തു ..

കാറകൂറ ഇല്ലം വകയായിരുന്ന ബാലുശ്ശേരി കോട്ട കുറുംബ്രാതിരി വാണോരു കയ്യടക്കി വച്ചിരിക്കുകയായിരുന്നു.. വേട്ടയ്ക്കൊരുമകന്‍ തന്‍റെ ഏഴു വയസ്സ് മാത്രം പ്രായമുള്ള തന്‍റെ പുത്രനെയും കൂട്ടി കോട്ട പിടിക്കാന്‍ പുറപ്പെട്ടു .. എല്ലാം പ്രതിസന്ധികളും അതിജീവിച്ച് അവര്‍ വാഴുന്നോരുടെ മുന്‍പിലെത്തി .. കോട്ട വിട്ടുകൊടുക്കാന്‍ വാഴുന്നോരു സമ്മതിച്ചു എങ്കിലും വേട്ടയ്ക്കൊരുമകനെ ഒന്ന് പരീക്ഷിക്കണമെന്ന് തോന്നി .. ആളുന്ന തീയില് തന്‍റെ ചേല വിരിച്ചു കാറകൂറകിടാവ് ...കുളിച്ചു വന്നു തീയില്‍ നിന്നും ചേല തിരിച്ചെടുത്തു ഉടുത്തു വാണോരേ വിസ്മയിപ്പിച്ചു ..എണ്ണിയാലൊടുങ്ങാത്ത നാളികേരം എറിഞ്ഞുടച്ചു  ഉഗ്രപ്രതാപിയായ വേട്ടക്കൊരുമകന്‍   .. നായരായി പുറപ്പെട്ട് നാളികേരം തകര്‍ത്ത്  ഐശ്വര്യം വിളയിച്ച അഭിമാന്യ പ്രഭുവിന്  ഇരിക്കാന്‍ പീഠവും സ്ഥാനവും നല്‍കി ആദരിച്ചു വാഴുന്നോര്‍ ..

കുറുംബ്രനാട്ടു സ്വരൂപത്തിന്റെ ദേവനായ വേട്ടയ്ക്കൊരുമകന്‍ തന്‍റെ സുഹൃത്തുക്കളായ വൈരജാതനെയും ക്ഷേത്രപാലകനെയും കൂട്ടി ദുഷ്ടരെ കൊന്നൊടുക്കി ശിഷ്ടരെ പരിപാലിച്ചു എന്നുമാണ് കഥ.. ഈ തെയ്യം കെട്ടിയാടുന്നത്‌ വണ്ണാന്‍ സമുദായക്കാരാണ് .. ദേഹത്ത് പച്ചനിറം ഉപയോഗിക്കുന്ന അപൂര്‍വ്വം തെയ്യ്ക്കൊലങ്ങളില്‍ ഒന്നാണ് വേട്ടക്കൊരുമകന്‍ ..
ശാസ്താവ് എന്ന പേരില്‍ ഈ ദേവനെ മാത്രമായി കെട്ടിയാടുന്ന അപൂര്‍വ്വമായ  ഒരു ക്ഷേത്രം  ഉണ്ട്..  നരിക്കോട് നടുവലത്ത് കോട്ടം.. ബാക്കിയെല്ലായിടങ്ങളിലും ഊര്‍പഴശ്ശി വേട്ടക്കൊരുമകന്‍ പുറപ്പാട് ഒന്നിച്ചാണ് എങ്കില്‍ ഇവിടെ ശാസ്താവിനു പ്രത്യേകം കോലമാണ്.. ഊര്‍പഴശ്ശി  ഇല്ല എന്നു മാത്രമല്ല ശാസ്താവിന്‍റെ  തോഴനായി കരിവേടന്‍ എന്ന ദേവനാണ് ഇവിടെ ഉള്ളത്.. ഊര്‍പഴശ്ശി പോലെ തന്നെ വൈഷ്ണവാംശ ദേവനാണ് കരിവേടനും ... പക്ഷെ മുഖത്തെഴുത്തും ചമയങ്ങളിലും മാറ്റമുണ്ട്.. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കിയാല്‍ അതു  മനസ്സിലാക്കാന്‍ പറ്റും.. ഇവിടെ ശാസ്താവ് എത്തിയത് കുന്നുമ്മൽ തറവാട്ടിലെ കാരണവരുടെ കൂടെയാണ് എന്ന് കരുതപെടുന്നു.. കുടകിൽ ജോലിക്ക് പോയ ഇദ്ദേഹത്തെ കള്ളൻമാർ ആക്രമിക്കാൻ വന്നു എന്നും ഓടി ചെന്നത് ഒരു ഒഴുക്കുള്ള നദിക്കരയിലാണ് എന്നും ഒരു വശത്ത് ഒഴുക്കുള്ള പുഴയും മറുവശത്ത് കള്ളന്മാരുമായി രക്ഷപെടാൻ ഒരു മാർഗവുമില്ലത്തപ്പോൾ അദ്ദേഹം കുടകില് വച്ച് ആരാധിച്ചു കൊണ്ടിരുന്ന ശാസ്താവീശ്വരനെ വിളിച്ചു കരഞ്ഞു എന്നും ദേവൻ കുതിരപുറത്തേറി വന്നു കുന്നുമ്മൽ കാരണവരെ രക്ഷിച്ചു എന്നും കഥ .. പിന്നീട് കുന്നുമ്മൽ കാരണവരുടെ ആഗ്രഹപ്രകാരം  അദ്ദേഹത്തിന്റെ തറവാടായ നരിക്കോട് നടുവലത്ത് വീട്ടിന്റെ കൊട്ടിലകത്തു തോഴനായ കരിവേടനോട് കൂടെ വന്നു കുടിയിരുന്നു  എന്നും തെയ്യത്തിന്റെ വാമൊഴികളിൽ  നിന്നും കേള്ക്കാം..

ഊര്‍പഴശ്ശി::

മേലൂര് ഇളംകന്യാവിനു വിഷ്ണുപ്രസാദത്താല്‍ ജനിച്ച പുത്രന്‍ ധയരപ്പനാണ് 
ഊര്‍പഴശ്ശി.. ശിവ പുത്രനായ വേട്ടയ്ക്കൊരുമകന്റെ  പ്രഭാവം താങ്ങാന്‍ കഴിയാതെ ഭൂമിദേവി  തന്‍റെ പതിയായ  മഹാവിഷ്ണുവിനോട്‌ പരാതി പറയുകയും ദേവന്‍ പുത്രനെ വേട്ടയ്ക്കൊരുമകനെ അനുഗമിക്കാന്‍ പറയുകയും ചെയ്തു .. ബാലുശ്ശേരി കോട്ടയില്‍ വന്നു വേട്ടക്കൊരുമകനെ കണ്ട്  തന്‍റെ ആഗമനൊദേശ്യം അറിയിക്കുകയും ദേവന്‍റെ കൂടെ ചേര്‍ന്ന് ദുഷ്ടനിഗ്രഹം നടത്തുകയും ചെയ്തു .. 
ശ്രീ ശാസ്താവ് :ശ്രീ കരിവേടന്‍ :


വേട്ടക്കൊരുമകന്‍ ഊര്‍പഴശ്ശി :: ഫോട്ടോ കടപ്പാട് : ഗൂഗിള്‍ 

"നായരായി പുറപ്പെട്ടു നാളികേരം തകർപ്പാന് 
നാഴികാമൂന്നു ഇരുപതോരായിരം  നൽതേങ്ങയും 
കുടു കുടാ    ഇടിപോലെ തകർത്താടി  വരുന്നവൻ 
കുടുകുടാ ഇടിയും നല്ലിളം ചേകോൻ കളിയും 
ഓർത്താലാത്ര കീർത്തിയെഴും 
ബാലുശ്ശേരി കോട്ടയിൽ വാണ 
വേട്ടക്കൊരുമകൻ തുണക്കേണം നമുക്ക്"


Monday, March 4, 2013

വിഷ്ണുമൂര്‍ത്തി .... മുഖത്തെഴുതിന്റെ സൌന്ദര്യം


മഹാ വിഷ്ണുവിന്‍റെ  നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത്‌ .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ  വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് ..എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും  പ്രഹ്ലാദന്‍  മറുപടി കൊടുത്തു.. പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു  എന്നാല്‍ ഈ തൂണിലുണ്ടോ  നിന്‍റെ  ഭഗവാന്‍ എന്നു പറഞ്ഞു  തന്‍റെ  കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു.. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തന്‍റെ മടിയില്‍ വച്ച് ഹിരണ്യ കശിപുവിന്‍റെ  മാറ് പിളര്‍ന്ന് രക്തം കുടിച്ചു .. നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ്  വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്‌ .

പാലന്തായി കണ്ണന്‍ എന്ന വിഷ്ണുഭക്തനായ കുട്ടിയെ കുറുവാട് കുറുപ്പ് , കളവു ചെയ്തുവെന്ന പേരില്‍ കദളികുളത്തിന്റെ കല്‍പടവില്‍ വച്ച്  അതി ക്രൂരമായി കൊന്നുവെന്നും അതിനു പ്രതികാരമെന്നോണം കുറുവാട് കുറുപ്പിനെയും കുടുംബത്തെയും പരദേവത വധിച്ചു തറവാട് തന്നെ ഇല്ലാതാക്കിയെന്നും വിഷ്ണുമൂര്‍ത്തിക്ക് ഒരു പ്രാദേശിക കഥയുണ്ട്. ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഭക്ത വത്സലനായ ദേവനായി കണക്കാക്കുന്ന വിഷ്ണുമൂര്‍ത്തി മഹാവിഷ്ണുവിന്റെ നാലമവതാരമായ നരസിംഹ മൂര്‍ത്തി തന്നെയാണ് .

"എന്നുടയ കണ്ണനെ കൊന്ന കുറുവാടനെ കണ്ടുപിടിച്ചു ഞാന്‍ കൊന്നുയിരടക്കി വണ്ണം മുടിക്കുമെന്ന് പരദേവതയുടെ അട്ടഹാസം.

പാലന്തായി കണ്ണന്റെ ചുരികപുറത്തേറി മംഗലാപുരത്തുനിന്നും ഈ ദേവന്‍ 
നീലേശ്വരം കോട്ടപുറത്തേക്കു എഴുന്നള്ളിയെന്നും അവിടെ തെയ്യകോലം കെട്ടി ആരാധിച്ചുവെന്നും കഥ.. 

"പണ്ടേ പാലാഴി തന്നില്‍ പരമസുഖ രസത്തോട് വാഴും 
ശ്രീ വൈകുണ്ഡന്‍ മര്‍ത്ത്യ മൃഗേന്ദ്രനായവതരിച്ചുണ്ടായ ശേഷം
ഭൂമി മുന്‍പായന്നള്ളടത്തില്‍ പുകള്‍ പെരിയ സ്ഥലം നല്ല 
പാലായി ദേശത്തിങ്കല്‍ പാലായി പരപ്പെന്‍ തന്‍ പരമപദ 
സാജ്ഞത്തിങ്കലേല്‍പ്പിച്ചു കോലം "

പാലായി പരപ്പെന്‍ എന്ന മലയനാണ് ആദ്യമായി വിഷ്ണുമൂര്‍ത്തിയുടെ കോലം കെട്ടിയാടിയതെന്നു പറയപ്പെടുന്നു.എന്ത് വേഷം നരസിംഹമൂര്‍ത്തിക്ക് നല്‍കണമെന്ന ചിന്തയില്‍ വിഷമിച്ചുറങ്ങിയ അദ്ദേഹത്തിന് ഇന്ന് കാണുന്ന തരത്തിലുള്ള രൂപം സ്വപ്ന ദര്‍ശനമുണ്ടായി എന്ന് ഐതിഹ്യം .

മിക്കവാറും കാവുകളില്‍ ഉപദേവനായി ശ്രീ വിഷ്ണുമൂര്‍ത്തിയെ കാണാം .. പ്രധാന ദേവന്‍ / ദേവി ആരായാലും വിഷ്ണുവിന്‍റെ  സ്ഥാനം വലതു വശത്തായിരിക്കും ..


 കൂട്ടത്തിനും കുറിക്കും അങ്കത്തിനും നായാട്ടിന്നും  നരിവിളിക്കും തുണയായി എത്തുന്ന നരഹരി ഭഗവാന്‍ നാരായണന്‍ തന്നെയാണ് വടക്കന്‍ കേരളത്തിലെ പ്രധാന നാട്ടുപരദേവത.. ഈ തെയ്യം സാധാരണയായി മലയ സമുദായക്കാരാണ് കെട്ടിയാടറുള്ളത്  എങ്കിലും ചിലയിടങ്ങളില്‍ പുല വിഷ്ണുമൂര്‍ത്തി എന്ന പേരില്‍ പുലയ സമുദായക്കാരും കെട്ടിയാടാറുണ്ട്.. ഹിരണ്യവധം ചെയ്യുന്നതും പിന്നീട് പ്രഹ്ലാദനെ ആശീര്‍വദിക്കുന്നതും വളരെ  മനോഹരമായാണ് തെയ്യം നമുക്ക് കാണിച്ചു തരുന്നത്..  വളരെ മനോഹരമായ മുഖത്തെഴുത്ത്‌ ഈ തെയ്യത്തിന്‍റെ  ഒരു പ്രത്യേകതയാണ്

ഫോട്ടോ കടപ്പാട് :: ഷാജി മുള്ളൂക്കാരന്‍ 

Friday, March 1, 2013

ഉച്ചിട്ട ഭഗവതി.... തീകനല്‌ വാരിക്കളിക്കുന്ന തമാശക്കാരിയായ തെയ്യക്കോലം


 മന്ത്ര മൂര്‍ത്തികളിലും  പഞ്ച മൂര്‍ത്തികളിലും പ്രമുഖയും അതിസുന്ദരിയുമായ ദേവി .. അഗ്നി ദേവന്‍റെ  ജ്യോതിസ്സില്‍ നിന്നും അടര്‍ന്നു വീണ കനല്‍ ബ്രഹ്മദേവന്റെ ഇരിപ്പിടമായ താമരയില്‍ ചെന്ന് വീണു അതില്‍ നിന്നും ദിവ്യ ജ്യോതിസ്സോട് കൂടി സുന്ദരിയായ ദേവിയുണ്ടായി . ആ ദേവിയെ ബ്രഹ്മദേവന്‍  അവിടെ നിന്നും കാമദേവന്‍ വഴി  മഹാ ദേവന് സമര്‍പ്പിച്ചു എന്നും പിന്നീട് ഭൂമി ദേവിയുടെ അപേക്ഷപ്രകാരം ദേവി ശിഷ്ടജന പരിപാലനാര്‍ത്ഥം ഭൂമിയില്‍ വന്ന് മാനുഷരൂപത്തില്‍ കുടിയിരുന്നുമെന്നുമാണ് കഥ.

എന്നാല്‍ ശ്രീകൃഷണ സഹോദരിയായ യോഗമായ ദേവിയാണ് ഉച്ചിട്ട എന്ന് വേറൊരു കഥയും കേള്‍ക്കാനുണ്ട്..അഗ്നിപുത്രിആയതുകൊണ്ട്  തീയില്‍ ഇരിക്കുകയും കിടക്കുകയും  തീകനല്‍ വാരി കളിക്കുകയും ചെയ്യുന്ന തമാശക്കാരിയായ ഈ തെയ്യക്കോലം സ്ത്രീകളുടെ ഇഷ്ട ദേവിയാണ്.. .. അടിയേരി  മഠത്തില്‍ ഉച്ചിട്ട ഭഗവതി എന്നാണു ഈ ദേവി അറിയപ്പെടുന്നത്.. മന്ത്ര വാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും  ഗൃഹങ്ങളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യക്കോലമാണ്  ഇത് .ദേവിയുടെ തോറ്റം പാട്ടുകളില്‍ മുകളില്‍ പറഞ്ഞ കഥകളൊന്നും പ്രതിപാദിച്ചിട്ടില്ല എന്നത് കൌതുകരമാണ് .. ഈ തെയ്യത്തിന്‍റെ  വാമൊഴികള്‍   മാനുഷ ഭാവത്തിലാണ് .. പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ കാളകാട് ,കാട്ടുമാടം,പുത്തില്ലം ,പൂന്തോട്ടം   തുടങ്ങിയവയാണ് പ്രധാന ആരൂഡ കേന്ദ്രങ്ങള്‍ 

ഫോട്ടോ കടപ്പാട് :: വികാസ് മംഗലശ്ശേരി