Saturday, April 27, 2013

കണ്ടനാർ കേളൻ ..... അഗ്നി പ്രപഞ്ചക്കാരൻ


"ഉടലിൽ പാമ്പിണ  ചേരും മുകിൽ വർണൻ
ആത്മപാരിതിൽ പുകൾപെറ്റ  കണ്ടനാർ കേളൻ"

പയ്യന്നൂരിനടുത്ത രാമന്തളിയിലെ കുന്നരു എന്ന പ്രദേശത്ത് ഭൂപ്രഭുവായിരുന്ന മേലേടത്ത് ചക്കി എന്ന  സ്ത്രീക്ക് തന്റെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം  എന്ന കാട്ടിൽ  വച്ച് ഒരു ആണ്‍കുട്ടിയെ കളഞ്ഞുകിട്ടി .. അവനു കേളൻ  എന്ന് നാമകരണം ചെയ്ത്  സ്വന്തം പുത്രനെപോലെ  ആ അമ്മ വളർത്തി.. വളർന്നു  പ്രായപൂർത്തിയായ  കേളന്റെ  ബുദ്ധിയും   വീര്യവും ആരോഗ്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവന്റെ അധ്വാന ശേഷി  അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവുകിട്ടാൻ അവരെ സഹായിച്ചു .. ചക്കിയമ്മയുടെഅധീനതയിലായിരുന്ന കുന്നരു പ്രദേശം കേളന്റെ  മിടുക്ക് കൊണ്ട് സമ്പൽ സമൃദ്ധിയിലായി .. ഇതുപോലെ തന്റെ വയനാട്ടിലുള്ള സ്ഥലവും കൃഷി യോഗ്യമാക്കണം എന്ന് ആ അമ്മക്ക് തോന്നി .. അവർ കേളനെ  വിളിച്ചു കാര്യം പറഞ്ഞു .. അമ്മയുടെ വാക്കുകൾ  മനസ്സാവരിച്ച കേളൻ നാല് കാടുകൾ കൂടിച്ചേർന്ന  പൂമ്പുനം വെട്ടിതെളിക്കാൻ  ഉരുക്കും ഇരുമ്പും കൊണ്ട് തീർത്ത  പണിയായുധങ്ങളും തന്റെ ആയുധമായ വില്ലും ശരങ്ങളും എടുത്തു പുറപ്പെട്ടു .. പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന കള്ള്  ആവോളം എടുത്തു കുടിച്ചു .. വഴിയിൽ  വച്ച് കുടിക്കാനായി ഒരു  കുറ്റി  കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി  അവൻ യാത്ര തുടർന്നു.. പൂമ്പുനത്തിൽ എത്തി .. നാല്കാടുകളും വെട്ടിതെളിച്ചു .. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു .. അതുമാത്രം കേളൻ  വെട്ടിയില്ല. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നും  പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത് .. പൂമ്പുനം നാലും തീയിടാൻ കേളൻ ആരംഭിച്ചു .. കാടിന്റെ നാല് മൂലയിലും നാല് കോണിലും  തീയിട്ട് അതിസാഹസികമായി അതിനു നടുവിൽ  നിന്നും  പുറത്തു ചാടി .. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തേക്കു എടുത്തു ചാടിയ അവനു പിന്നീട് അതൊരു രസമായി തോന്നി .. മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന  നാലാമത്തേതിൽ അവൻ എത്തി .. നാലാമത്തേതും  തീയിട്ടു .. അഗ്നിയും വായുവും കോപിച്ചു .. എട്ടു ദിക്കിൽ  നിന്നും തീ ആളിപടർന്നു.. കേളന് പുറത്തു ചാടാവുന്നതിലും ഉയരത്തിൽ   അഗ്നിപടർന്നു.. നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്ന് കണ്ട കേളൻ അതില്ന്റെ മുകളിലേക്ക് ചാടികയറി. രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളന്റെ  ദേഹത്തേക്ക് പാഞ്ഞു കയറി .കേളൻ  അമ്മയെവിളിച്ചുകരഞ്ഞു.. ഇടതുമാറിലും  വലതുമാറിലും നാഗങ്ങൾ  ആഞ്ഞുകൊത്തി..കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു .നാഗങ്ങളെയും കേളനെയും അഗ്നി വിഴുങ്ങി .. അവർ ചാരമായി തീർന്നു..

തന്റെ പതിവ്നായാട്ടു കഴിഞ്ഞു അതുവഴി വന്ന വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീരായി  കിടക്കുന്ന കേളനെകണ്ടു .. ദേവൻ  തന്റെ പിൻകാലു കൊണ്ട് വെണ്ണീരിൽ അടിച്ചു ..ദേവന്റെ പിൻകാലു പിടിച്ച്  കേളൻ എഴുന്നേറ്റു .. മാറിൽ രണ്ടു നാഗങ്ങളുമായി പുനർജന്മം വച്ച കേളൻ ദൈവകരുവായിമാറി .. വയനാട്ടുകുലവൻ  കേളനെ  അനുഗ്രഹിച്ചു .. ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാര്കേളൻ  എന്ന് പ്രശസ്തനാകും എന്ന് അനുഗ്രഹവും തന്റെ ഇടതു ഭാഗത്ത്‌ ഇരിക്കാൻ പീഠവും കയ്യിൽ  ആയുധവും പൂജയും കൽപ്പിച്ചു കൊടുത്തു ..

പൂമ്പുനത്തിലെ തീയിൽ  നിന്നും ചാടി പുറത്തേക്കു ഇറങ്ങുന്നതിനെ കാണിക്കാൻ ഈ തെയ്യം അഗ്നിയിലൂടെ കയറി ഇറങ്ങാറുണ്ട്‌.. ..ആദ്യം നാലായിപകുത്തു മേലേരി കൂട്ടിയ ശേഷം നാലും ഒന്നാക്കി ഓലയിട്ടു  തീ കത്തിക്കുകയാണ് ചെയ്യുന്നത് ...   വണ്ണാൻ  സമുദായക്കാരാണ് വളരെ അധികം അപകടം ഉണ്ടായേക്കാവുന്ന  ഈ തെയ്യക്കോലം കെട്ടിയാടുന്നത്‌ .. യാതൊരു വിധ സുരക്ഷയുമില്ലാതെ ആളുന്ന അഗ്നിയിലൂടെ ചാടിയിറങ്ങുന്ന കണ്ടനാർ കേളന്റെ  തെയ്യക്കോലം ശ്വാസമടക്കിപിടിച്ചേ ഏതൊരാൾക്കും  കാണാൻ കഴിയുകയുള്ളൂ എന്നത് തീർച്ച.."പൂമ്പുനം ചുട്ട കരിമ്പുനത്തിൽ കാട്ടിൽ
കരുവേല മൂർഖൻ  വന്ന്  മാറിൽ കടിച്ചു
വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലും നേരം മറ്റാരുമില്ല
സഖേയെനിക്ക്
കണ്ടുടൻ  മേലേടത്തമ്മയപ്പോൾ

വാഴ്ക നീ വളർക നീ കണ്ടനാർ കേളാ "
ഫോട്ടോ കടപ്പാട്:: ശ്രീലാൽ . പി. പി

തെയ്യത്തിന്റെ മികച്ച ചിത്രങ്ങൾ ഇവിടെ കാണാം .. ശ്രീലാലിന്റെ ബ്ലോഗ്‌
http://www.chithrappetti.blogspot.in/

Wednesday, April 17, 2013

കുണ്ടോറ ചാമുണ്ഡി ... അസുര നിഗ്രഹം നടത്തിയ കാളി

ദേവാസുര യുദ്ധ സമയത്ത് ദേവി പല രൂപത്തിൽ  അവതാരമെടുത്ത് അസുര നിഗ്രഹം നടത്തി .. അതിൽ പ്രാധാന്യമുള്ള ഒരു അവതാരമൂർത്തിയാണ്  കൌശികി  ദേവി ..   കൌശികി ദേവിയുടെ അംശവതാരങ്ങളിൽ ഒന്നായ ചാമുണ്ഡി ദേവതാസങ്കല്പത്തിലുള്ള തെയ്യകോലമാണ് കുണ്ടോറ  ചാമുണ്ഡി . അസുര നിഗ്രഹം ശേഷം  കാളി   ദേഹശുദ്ധി വരുത്താൻ കാവേരി തീർത്ഥകരയിൽ  വന്നു ചേർന്നു.. അപ്പോൾ അവിടെ കുണ്ടോറ തന്ത്രിയും എട്ടില്ലം തന്ത്രിയും കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു ..അത് കണ്ട കുസൃതി തോന്നിയ ദേവി ബ്രാഹ്മണ ശ്രേഷ്ഠരുടെ  നിത്യകർമ്മത്തിൽ   പിഴ വരുത്തി .. മാന്ത്രികനായ  കുണ്ടോറ  തന്ത്രിക്ക് ഇത് ചെയ്തത് കാളിയാണ്‌  എന്ന് മനസ്സിലായി ..കോപം പൂണ്ട കുണ്ടോറ  തന്ത്രി കാളിയെ  ഒരു ചെമ്പുകിടാരത്തിൽ ആവാഹിച്ച്  അടച്ചു .. ആ പാത്രവുമായി  തന്ത്രിമാർ യാത്ര തുടർന്നു..

കാളിയുടെ  പ്രഭാവത്താൽ മൂന്നു ദിവസത്തെ പെരുവഴി മൂന്ന്കാതമായി കുറഞ്ഞു .. യാത്രയിൽ അവർ ഒരു മരചുവട്ടിൽ  വിശ്രമിക്കാൻ ഇരുന്നു .. അവിടെ തന്നെ ഉറങ്ങിപോയ   തന്ത്രിമാർ  അറിയാതെ  ചെമ്പ്കിടാരം പൊട്ടിപിളർന്നു  കാളി പുറത്തു വന്നു .. ഒരൊറ്റ രാത്രി കൊണ്ട്
കുമ്പഴകോവിലകത്തെ  ആല തകർത്തു  അവിടെയുണ്ടായിരുന്ന 101 കന്നുകാലികളെ   ചാമുണ്ഡി ഭക്ഷിച്ചു തീർത്തു.. ഈ അത്ഭുത കൃത്യം കുമ്പഴ നാടുവാഴിയെ  ഞെട്ടിച്ചു ..   കാലികളെ പഴയതുപോലെ നിലനിർത്തിതരാൻ അത്രയും ശക്തിയുള്ള ഏതെങ്കിലും ദൈവമോ ഭഗവതിയൊ ആണ് ഇത് ചെയ്തതെങ്കിൽ   എന്റെ കുണ്ടോറ അപ്പന്റെ വലതുഭാഗത്ത്‌ ഇരിക്കാൻ പീഠവും  സ്ഥാനവും കുരുതിയും നൽകാമെന്ന് വാഴുന്നോർ തൊഴുതുപ്രാർഥിച്ചു ..
 നേരം വെളുത്തപ്പോൾ കന്നുകാലികൾ പഴയത്പോലെ നിലനിന്നു കണ്ടു .. പറഞ്ഞതിൻ  പ്രകാരം കുണ്ടോറ  അപ്പന്റെ വലതുവശത്ത് സ്ഥാനം നൽകി  കാളിയെ ആരാധിച്ചു .. അങ്ങനെ കുണ്ടോറ  അപ്പന്റെ (ശിവൻ) വലതു വശത്ത് സ്ഥാനമുള്ള കാളിയായത്‌ കൊണ്ട് കുണ്ടോറ  ചാമുണ്ഡിയായി .. പിന്നീട്

അവിടെ നിന്നും തെക്കോട്ടെക്ക്  യാത്ര തിരിച്ച കാളി കീഴൂര് എത്തി .. കീഴൂര് ശാസ്താവ് ദേവിക്ക് പോകാൻ വഴി കൊടുത്തില്ല .. ഒരു വ്യാഴ വട്ടക്കാലം കാളി കാത്തു നിന്നു .. പക്ഷെ ശാസ്താവ് വഴങ്ങിയില്ല .. കോപാകുലയായ കാളി നാട്ടിൽ  അനർത്ഥങ്ങൾ വിതച്ചു .. കാളിയുടെ ശക്തി മനസ്സിലാക്കിയ ശാസ്താവ് അവസാനം ദേവിക്ക് വഴി കൊടുത്തു ...ദേവി തുളുനാട് കടന്നു മലനാട്ടിലേക്കു വന്നു.. അവിടെ കോലത്തിരി രാജാവ് ദേവിക്ക് കോലരൂപവും നൽകി ഗുരുതി കലശം എന്നിവയും നൽകി.. ദേവി സംപ്രീതയും ശാന്തയുമായിഭക്തർക്ക്‌ അനുഗ്രഹം ചൊരിഞ്ഞ്  കോലത്തുനാട്ടിൽ സ്ഥാനമുറപ്പിച്ചു എന്നും ഐതിഹ്യം .. 


ഫോട്ടോ കടപ്പാട്: ഷാജി മുള്ളൂക്കാരൻ


Tuesday, April 16, 2013

ഭദ്രകാളി(കോലസ്വരൂപതിങ്കൽ തായ്) .........കോലസ്വരൂപത്തിന്റെ കുലദേവത

ശ്രീ മഹാദേവന്റെ ആഞ്ജ ധിക്കരിച്ച് ദക്ഷരാജധാനിയിൽ സതീദേവി യാഗത്തിന് ചെന്നു.. ദക്ഷനാൽ അപമാനിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ആത്മാഹൂതി ചെയ്തു .. ഇതറിഞ്ഞ മഹാദേവൻ  കോപം കൊണ്ട് വിറച്ചു .. താണ്ഡവമാടി .. താണ്ഡവതിനൊടുവിൽ ദേവൻ  തന്റെ ജട പറിച്ചു നിലത്തടിച്ചു .. അതിൽ നിന്നും ഭദ്രകാളിയും വീരഭദ്രനും ജനനം കൊണ്ടു.. 

ശ്രീ മഹാ ദേവന്റെ ആഞ്ജപ്രകാരം ഭൂതഗണങ്ങളെയും കൂട്ടി ദക്ഷന്റെ യാഗ സ്ഥലത്ത് ചെന്ന ഭദ്രകാളിയും കൂട്ടരും  അവിടം മുഴുവൻ നശിപ്പിച്ചു .. ദക്ഷന്റെ തലയറുത്തു .. യാഗശാല അഗ്നിക്കിരയാക്കി .. തിരിച്ചു വന്ന പുത്രിക്ക് ശ്രീ മഹാദേവൻ  കൈലാസ പർവ്വതത്തിനു വടക്ക് രാജതാജലതിനടുത്ത്  തന്നെ വസിക്കാൻ ഇടം നല്കി .. പിന്നീട് ദേവാസുര യുദ്ധ സമയത്ത് വീണ്ടും അവതരിച്ച ദേവി എഴാനകളുടെ ശക്തിയുള്ള ധാരികനെ ഏഴുപിടിയാൽ പിടിച്ചു തലയറുത്തു ചോരകുടിച്ചു .. തന്റെ അവതാര ലക്ഷ്യം പൂർത്തിയായ ദേവിയെ ശിഷ്ടജന പരിപാലനാർത്ഥം  ദേവൻ  ഭൂമിയിലേക്ക്‌ അയച്ചു .. കോലത്തുനാടിന്റെ പ്രധാന ആരാധനാ ദേവതയായ ഭദ്രകാളിക്ക് കോലത്തിരി സ്ഥാനം നൽകി  ആരാധിച്ചു .. തന്റെ കുലദേവതയായി ദേവിയെ ആരാധിക്കുകയും കോലസ്വരൂപം കെട്ടിയാടിക്കുകയും ചെയ്തു ..


വടക്ക് തിരുവർക്കാട്(മാടായി കാവ്), തെക്ക് കളരിവാതിൽക്കൽ,  കിഴക്ക് മാമാനികുന്നു (മാമാനം അമ്പലം)  , പടിഞ്ഞാറ് ചെറുകുന്ന് എന്നിങ്ങനെ കോലത്തു നാടിനെ നാലായി  പകുത്തു  ശ്രീ മഹാ ദേവൻ  ഭദ്രകാളിക്ക് നൽകി എന്നും അങ്ങനെ കോലത്തു നാടിന്റെ ആരാധനാ ദേവതയായി ഭദ്രകാളി മാറി എന്നുമാണ് ഐതിഹ്യം ..  . കോലത്തിരി രാജവംശത്തിന്റെ ദേവത ഭദ്രകാളിയാണ് ..  കോലത്തിരി ദേവിക്ക് കോലസ്വരൂപം നൽകി കോലസ്വരൂപതിങ്കൽ തായ്പര ദേവതാ എന്ന  പേരില് ആരാധിച്ചു എന്നു  പറയപ്പെടുന്നു ..  . രക്തം ദാഹിച്ചു വരുന്ന രൗദ്ര രൂപിണിയായ ഭദ്രകാളി പുതിയഭഗവതിയുടെ ഉറ്റ തോഴിയാണ് .. പുതിയഭഗവതിയുള്ള കാവുകളിൽ ഭദ്രകാളി എന്ന പേരിലും അല്ലാത്തിടത്ത് കോലസ്വരൂപതിങ്കൽ  തായ് എന്ന പേരില് ശാന്തസ്വരൂപിണിയായ പ്രധാന ദേവതയായും ആരാധിക്കപെടുന്നു .. ചിലയിടങ്ങളിൽ പുതിയ ഭഗവതിയുടെ കോലതിന്മേൽ കോലമായാണ് (പുതിയഭഗവതി തെയ്യംകെട്ടിയ ആൾ തന്നെ അതെ കോലത്തിനു കുറച്ചു മിനുക്ക്‌ പണികളോട് കൂടി വന്ന് നൃത്തമാടുന്നത്) ഈ ദേവതയെ കെട്ടിയാടുന്നത്‌ ..വലിയ മുടിവച്ചാടുന്ന ദേവിയുടെ മുടി ദേവിയുടെ രൌദ്രത തന്നെയാണ് വെളിവാക്കുന്നത്.. മുഖത്തിൽനിന്നും എത്ര മുന്നോട്ട് തള്ളി മുടി നില്ക്കുന്നുവോ അത് തെയ്യത്തിന്റെ രൌദ്രഭാവമാണ്  കാണിച്ചു തരുന്നത്  .. രൌദ്രതക്കനുസരിച്ച് മുടിയുടെ മുന്നോട്ടുള്ള തള്ളിനിൽക്കൽ കൂടും .. നൃത്തമാടുന്നതിനടയിൽ  വാദ്യ ഘോഷങ്ങൾ നിർത്തിച്ചു  തെയ്യം പറയുന്ന ഒരുവാമൊഴി താഴെ ചേർക്കാം..

" പൈതങ്ങളെ എന്റെ ശ്രീമഹാ ദേവൻ തിരുവടി നല്ലച്ചൻ എനിക്ക് നാല്ദേശങ്ങൾ  കല്പ്പിച്ചു തന്നിട്ടുണ്ടല്ലോ .. ഈ സ്ഥലം മുൻപേതുവായിട്ട് ഈ കാൽകളിയാട്ടം കൊണ്ട്കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും...  ആയതിനാൽ
എന്റെ നല്ലച്ചൻ എനിക്ക് കല്പ്പിച്ചു തന്ന ഈ തിരുവർകാട്ടു  വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ .."

(ദേശാന്തരങ്ങൾക്ക് അനുസൃതമായി വടക്ക് എന്നത് തെക്ക്,കിഴക്ക് ,പടിഞ്ഞാറ് എന്നിങ്ങനെ മാറും)


ഫോട്ടോ:: ഗൂഗിൾ

Wednesday, April 10, 2013

കണ്‍ഠാ കർണൻ...മന്ത്രമൂർത്തികളിലെ അസുര മൂർത്തി
ശ്രീ മഹാദേവന്റെ പുത്രനും ശിവഗണങ്ങളിൽ  പ്രധാനിയുമായ അസുരമൂർത്തി.. ഭദ്രകാളിയുടെ വസൂരി രോഗം മാറ്റാനാണ് ശിവൻ ഖോരരൂപിയായ ഈ അസുരമൂർത്തിയെ സൃഷ്ടിചതെന്നു പറയപ്പെടുന്നു ..
അരയിൽ പതിനാറു പന്തങ്ങളോട് കൂടിയുള്ള ഈ ഉഗ്രമൂർത്തി മഹാ ദേവന്റെ കണ്ഠത്തിൽ  ജനിച്ച്  കർണതിലൂടെ  ആവിര്ഭവിച്ചു എന്നും അതുകൊണ്ടാണ് ആ പേര് വന്നത് എന്നും കരുതുന്നു..

തലയിൽ  നെരി പോടും ഇടതു തൃക്കയ്യിൽ ചൂട്ടും ചൂരക്കോലും കപാലവും  മണിയും ചീനവാദ്യവും വലതു തൃക്കയ്യിൽ കൊടിവിളക്കും ധൂമകുറ്റിയും അണിഞ്ഞ ദേവന് ഇരുനൂറു തൃകണ്ണും  മൂന്നാം കണ്ണും ആയിരം മുഖങ്ങളും രണ്ടായിരം കൈകളും മൂന്നരകോടി രോമ ദ്വാരങ്ങളും  ഉണ്ടെന്നു വിശ്വസിക്കപെടുന്നു ..

 മന്ത്രമൂർത്തികളിൽ  പ്രധാനിയായ ഈ ദേവന്റെ  വളരെയധികം അപകടം പിടിച്ച  തെയ്യക്കോലം  മലയ സമുദായക്കാരാണ് കെട്ടിയാടറുള്ളത്.. അരയ്ക്കു താഴെ മനുഷ്യ  രൂപവും അരയ്ക്കു മുകളിൽ  ഭദ്രകാളി രൂപവുമാണ് ഈ ദേവനുള്ളത്.. .. ഭദ്രകാളിയുടെ വസൂരി രോഗം മാറ്റിയശേഷം ചെറുമനുഷ്യരുടെ വസൂരി മാറ്റാൻ ഭൂമിയിലേക്ക്‌ എഴുന്നള്ളി എന്നു പറയപ്പെടുന്നു .. മന്ത്രവാദപാരമ്പര്യമുള്ള ഗൃഹങ്ങളിലും ഇല്ലങ്ങളിലുമാണ്  ഈ തെയ്യക്കോലം സാധാരണയായി കെട്ടിയാടാറുള്ളത്


ഫോട്ടോ : ഗൂഗിൾ

Monday, April 8, 2013

പുലിയൂര് കാളി..... രൗദ്ര ഭാവമുള്ള ശിവപുത്രിഒരിക്കൽ തുളൂർ വനത്തിലൂടെ സഞ്ചരിക്കാൻ ഇടയായ പാർവ്വതിപരമേശ്വരന്മാർക്ക്  പുലികളുടെ ക്രീഡ  കണ്ട്  അങ്ങനെ ആയിതീരണമെന്ന മോഹം ഉണ്ടായി .. അങ്ങനെ പുലി രൂപമെടുത്തു  പുലികണ്ടനും പുള്ളികരിങ്കാളിയുമായി തീർന്ന  അവർക്ക്  താതെനാർ കല്ലിന്റെ  തായ്മടിയിൽ 5 പൊൻമക്കൾ ഉണ്ടായി .. 4 ആണ്‍മക്കൾ ഉണ്ടായ ശേഷം ദേവിക്ക് ഒരു പെണ്‍കുട്ടി കൂടി വേണം എന്ന ആഗ്രഹം ഉദിച്ചു ..അങ്ങനെ ഏറ്റവും ഇളയവളായി പുലിയൂര് കാളി ജനിച്ചു .. വിശന്നു വലഞ്ഞ  പുലികുട്ടികൾ നാട്ടിലിറങ്ങി കുറുംബ്രാതിരി വാണോരുടെ  ആലയിലെ പശുക്കളെ ഭക്ഷിച്ചു .. പുലിദൈവങ്ങളാണ് ഇതിനു പിന്നിലെന്ന് മനസ്സിലാക്കിയ വാണോർ വീരനായ തന്റെ പടനായകന് കരിന്തിരി കണ്ണൻ നായരോട് പുലികളെ കൊന്നൊടുക്കാൻ ആവശ്യപ്പെട്ടു .. തന്റെ മരണം പുലിദൈവങ്ങളുടെ കയ്യാൽ തന്നെയാണ് എന്നറിഞ്ഞു കൊണ്ട് തന്നെ കരിന്തിരി കണ്ണൻ തുളൂർ വനത്തിൽ ചെന്ന് ചന്ദ്രേരൻ  മാവിൽ പുലികളുടെ വരവും  കാത്ത് ഒളിച്ചിരുന്നു.. ഒളിപുറമേ തുള്ളി വീണ പുലികണ്ടൻ കരിന്തിരി കണ്ണൻ നായരെ വധിച്ചു .. പുലിദൈവങ്ങളാൽ  വധിക്കപ്പെട്ട കരിന്തിരി കണ്ണൻ ദൈവകരുവായി മാറി ..

പുലികളുടെ ശക്തി മനസ്സിലാക്കിയ കുറുംബ്രാതിരി വാണോർ  തുളുവനത് ഭഗവതിയുടെ വലതു വശത്ത് സ്ഥാനവും പീഠവും  നല്കി ആദരിച്ചു .. തുളുവനത്തു ഭഗവതിയെ നായനാരായി സ്വീകരിച്ചു ദൈവങ്ങൾ  തുളുവനത്തു വാണു.. തുളുവനത്തു ഭഗവതിയെ തൊഴാൻ വന്ന കാരിയത്തു മൂത്ത തണ്ടാന്റെ കെട്ടും ചുറ്റും കണ്ടു മോഹിച്ച് അദ്ദേഹത്തിന്റെ വെള്ളോല മേക്കുട ആധാരമായി പുലിദൈവങ്ങൾ  രാമരത്തെക്ക്എഴുന്നള്ളി.. അവിടുന്ന്മേലേടത്ത്  തറവാട്ടിലേക്കും  അവിടെ നിന്നും പിന്നീട് കണ്ടോത്ത്  കൂറുംബ  ക്ഷേത്രത്തിലേക്കും എഴുന്നള്ളി ..അവിടുന്നും മതിപോര എന്ന  അവസ്ഥയെ കരുതി കൂറുംബ  ക്ഷേത്രവും കോറോം മുച്ചിലോട്ടു  ക്ഷേത്രവും കോയ്മ സ്ഥാനം വഹിച്ചിരുന്ന  പനയന്തട്ട നായരുടെ തറവാടിന്റെ പടിഞ്ഞാറ്റയിൽ  വന്നു കയ്യെടുത്തു.. കോറോം മുച്ചിലോട്ടു നിന്നും ഒരു തവണ മുച്ചിലോട്ടു ഭഗവതിയുടെ എളത്തു  വന്നപ്പോൾ പുലിദൈവങ്ങൾ എനിക്ക് ഇവിടെ ദുരിതം വരുത്തുന്നുവെന്നു വീട്ടമ്മ ദേവിയോട് പരാതി പറഞ്ഞു .. പടിഞ്ഞാറ്റയിൽ  പുലിദൈവങ്ങളുടെ സാനിധ്യമുണ്ടായിരുന്ന കുറ്റിവിളക്ക്  വലതു കയ്യാൽ പറിച്ചെടുത്ത്‌  കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ കിഴക്കേ പടിക്കരികിൽ ഉറപ്പിച്ചു മുച്ചിലോട്ടമ്മ .. അങ്ങനെ പുലി ദൈവങ്ങളുടെ സാന്നിധ്യം കോറോം മുച്ചിലോട്ടു ഉണ്ടായി .. പിന്നീടു എല്ലാ മുച്ചിലോട്ടു കാവുകളിലും പുലിയൂര് കണ്ണനും പുലിയൂര് കാളിക്കും പള്ളിപീഠങ്ങൾ   ലഭിച്ചു ..

സാധാരണയായി ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പുലിയൂര് കാളി തെയ്യത്തെ ഉപ ദേവ സ്ഥാനത്ത്  ഒറ്റയ്ക്ക് കെട്ടിയാടാറുണ്ട്  ..എന്നാൽ മറ്റുള്ള പുലിതെയ്യങ്ങൾ  അങ്ങനെ പ്രത്യേകം കോലമായി  കെട്ടിയാടാറില്ല  .. എന്നാൽ ചില ഇടങ്ങളിൽ പുലിയൂര് കണ്ണനും പുലിയൂര് കാളിയും മാത്രം കോലമുണ്ട്.. പുലിദൈവങ്ങൾ  മൊത്തമായി കെട്ടിയാടുന്ന ക്ഷേത്രങ്ങൾ  ഐവർ  പരദേവതാ ക്ഷേത്രങ്ങൾ എന്നാണു അറിയപ്പെടുന്നത്..വളരെ മനോഹരമായ നൃത്ത ചുവടുകൾ ഉള്ള ദേവിയുടെ തിരുനൃത്തം തീർച്ചയായും  നമ്മുടെ കണ്ണുകളെ കുളിരണിയിക്കും ..

വണ്ണാൻ സമുദായക്കാരണ്  ഈ തെയ്യകോലം കെട്ടിയാടുന്നത്‌ .. വലിയ വട്ടമുടി വച്ച ദേവി നിർത്താതെ കറങ്ങുന്നതും കൊണ്ട് തിരുമുടി നിലത്തുമുട്ടിക്കുന്ന തരത്തിലുള്ള തിരുമുടി വണക്കം ചെയ്യുന്നതിലുംകൊണ്ട്   നല്ല ശാരീരിക ക്ഷമത  ഉള്ള ആളായിരിക്കണം കോലക്കാരൻ .. ഇല്ലെങ്കിൽ തീർച്ചയായും ഭംഗികുറവ് നൃത്തത്തിൽ അനുഭവപ്പെടും ..

.

Tuesday, April 2, 2013

ക്ഷേത്ര പാലകൻ .. ദുഷ്ട നിഗ്രഹം ചെയ്യാനവതരിച്ച ഉഗ്രമൂർത്തി

അസുരനായ ദമുഖനോട് യുദ്ധത്തിൽ പരാജയപെട്ട ദേവന്മാർ ശ്രീ മഹാ ദേവന്റെ അടുത്തെത്തി  പരാതി പറഞ്ഞു .. പരമശിവൻ  തന്റെ ശിഷ്യനായ പരശുരാമനെ ദമുഖ നിഗ്രഹം ചെയ്യാൻ അയച്ചു എങ്കിലും ദമുഖനോട് പരശുരാമനും പരാജയപെടുകയാണ് ഉണ്ടായത്..തന്റെ ശിഷ്യൻ പരാജിതനായി വന്നത് കണ്ട് ശിവഭഗവാൻ മഹാകാള രാത്രി എന്ന  ദേവിയെ സൃഷ്ടിച്ചു.. ഭദ്രകാളിയുടെ അവതാരമായ കാളരാത്രി ദമുഖനെ  കൊന്ന്  രക്തം കുടിച്ചു .. ദമുഖ നിഗ്രഹം കഴിഞ്ഞിട്ടും ദേവിയുടെ കോപം ശമിച്ചില്ല .. ഇത് കണ്ട പരമശിവൻ താണ്ഡവമാടി .. ദേവന്റെ നൃത്തം കണ്ട കാളരാത്രി മഹാദേവനെ പുണർന്നു.. അതിൽ അവർക്കുണ്ടായ പുത്രനത്രെ ക്ഷേത്ര പാലകൻ...

ക്ഷേത്രപാലകനോട് ഭൂമിയിൽ  ചെന്ന് വൈരജാതനോടും വേട്ടക്കൊരുമകനോടും ചേർന്ന് ദുഷ്ടരെ കൊന്നൊടുക്കാൻ മഹാദേവൻ  കൽപ്പിച്ചു ..  ദേവന്റെ കല്പന പ്രകാരം ക്ഷേത്ര പാലകൻ  നെടിയിരുപ്പു സ്വരൂപത്തിൽ   ചെന്നു.. ക്ഷേത്ര പാലകന്റെ വീര്യം മനസ്സിലാക്കിയ  സാമൂതിരി ദേവനെ തന്റെ പടനായകനാക്കി.. സാമൂതിരിയുടെ പുത്രന് കോലത്തിരിയുടെ മകളോട് പ്രണയമുണ്ടായിരുന്നു ... യുവരാജാവിന്റെ കരുത്തും വീര്യവും പരീക്ഷിച്ചറിയാൻ കോലത്തിരി അവരോടു അള്ളടം നാട് വെട്ടിപിടിക്കാൻ ആവശ്യപെട്ടു ... പത്തോളം  പ്രഭുക്കൾ വാണിരുന്ന അള്ളടം നാട് പിടിക്കാൻ ക്ഷേത്രപാലകൻ യുവരാജാവിന്റെ സഹായത്തിനെത്തി ... കൂടെ വേട്ടക്കൊരുമകനും വൈരജാതനും.. അവർ മൂവരും ചേർന്ന്ദുഷ്പ്രഭുകളെ കൊന്നൊടുക്കി അള്ളടം നാട് പിടിച്ചെടുത്ത് യുവരാജാവിനു സമ്മാനിച്ചു .. പയ്യന്നൂര് പെരുമാളുടെ അനുഗ്രഹം വാങ്ങിച്ച ശേഷം തന്റെ ജൈത്രയാത്ര തുടർന്ന  ക്ഷേത്രപാലകൻ അള്ളടം സ്വരൂപത്തിന്റെ ദേവനായി വാണു  എന്ന് ഐതിഹ്യം


ഫോട്ടോ:: ഗൂഗിൾ